സപ്ലൈക്കോയില്‍ സുവര്‍ണജൂബിലി ആഘോഷം :50 ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്

Written by Taniniram

Published on:

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി 50 /50 (ഫിഫ്റ്റി ഫിഫ്റ്റി) പദ്ധതിയിലൂടെ സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് വരുന്ന 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും ഓഫറും നല്‍കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സപ്‌ളൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു വരെ പൊതുജനങ്ങള്‍ക്കു പ്രത്യേക വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നല്‍കും.

സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 14 ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ തുറക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റ് വീതം ആധുനിക നിലവാരത്തില്‍ നവീകരിച്ചാകും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളാക്കുക.

വിലക്കുറവുളള സാധനങ്ങള്‍

ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡ് ആയ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നല്‍കുന്നതാണ് 50/ 50 പദ്ധതി. 300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും. ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിള്‍ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും. ഉജാല, ഹെന്‍കോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിംഗ് പൗഡറുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ് തേന്‍, എള്ളെണ്ണ, ചന്ദ്രിക, സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്‌മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡിന്റെ അപ്പം പൊടി, റവ, പാലട മിക്‌സ്, കെലോഗ്‌സ് ഓട്‌സ്, ഐടിസി ആശിര്‍വാദ് ആട്ട, ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്, മോംസ് മാജിക്, സണ്‍ ഫീസ്റ്റ് ബിസ്‌ക്കറ്റുകള്‍, ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍, ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്‌നര്‍, കോള്‍ഗേറ്റ് തുടങ്ങി 50ലേറെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്.

See also  'ബേഠി ബച്ചാവോ ബേട്ടി പഠാവോ' ബ്രാന്‍ഡ് അംബാസിഡര്‍ -സാന്ദ്ര ഡേവിസ് കരിമാലിക്കല്‍

50 ദിവസത്തേക്ക് ഹാപ്പി അവേഴ്‌സ് ഫ്‌ലാഷ് സെയില്‍ പദ്ധതി പ്രകാരം ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നുമണിവരെ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയില്‍ നിന്നും 10% കുറവ് നല്‍കുന്ന പദ്ധതിയാണിത്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10% വിലക്കുറവ്. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവയില്‍ ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെ ആയിരിക്കും ഈ വിലക്കുറവ്.

Related News

Related News

Leave a Comment