കളിയിക്കാവിള : ക്വാറി ഉടമ കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ . കരമന സ്വദേശിയായ എസ്.ദീപു(44)വിനെയാണ് ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍സീറ്റിലാണ് ദീപു ഇരുന്നത്. പാര്‍ക്കിംഗ് ലൈറ്റ് ഇട്ടിരുന്നു. കാറിന്റെ ബോണറ്റും തുറന്നിരുന്നിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ല. ദീപുവിന്റെ ഫോണും കാണാതായിട്ടുണ്ട്. ജെസിബി വാങ്ങാനായി ദീപു കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നുവെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കന്യാകുമാരി എസ്പി സുന്ദനവദനത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം കേസ് അന്വേഷിക്കും.
മുക്കുന്നിമലയിലെ ക്വാറി ഉടമയാണ് ദീപു. ക്വാറി കുറച്ചുനാളായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ പുറത്ത് നിന്ന് ജെസിബി വാങ്ങുകയും കേരളത്തിലെത്തിച്ച് കച്ചവടം ദീപു ചെയ്തിരുന്നു. കേരള പൊലീസിന്റെ സഹായത്തോടെയാണ് തമിഴ്‌നാട് പൊലീസ് കേസ് അന്വേഷിക്കുന്നത്. കാറിനുള്ളില്‍ കയറിയത് ദീപു തന്നെ ഡോര്‍ കൊടുത്തയാളാണ്. അതിനാല്‍ തന്നെ പരിചയമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് അറിയിച്ചു. പണം ആവശ്യപ്പെട്ട് ഫോണിലൂടെ ഗുണ്ടാസംഘങ്ങളുടെ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ പോലീസിന് മൊഴി നല്‍കി. മൊഴി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തും.