ഇന്ത്യന്‍ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ്മയുടെ ഉഗ്രന്‍ ബാറ്റിംഗ് കരുത്തില്‍ ടീം ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സൂപ്പര്‍-8 റൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന അവസാന മത്സരത്തില്‍ 24 റണ്‍സിന് വിജയിച്ചു.ഇന്ത്യന്‍ ടീം സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടും
ജൂണ്‍ 27നാണ് ഇന്ത്യന്‍ ടീമിന്റെ സെമി ഫൈനല്‍ മത്സരം. ഗ്രൂപ്പ്-2ല്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ടീമിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി എട്ട് മണി മുതല്‍ ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് സെമി ഫൈനല്‍ മത്സരം. രണ്ടാം സെമി ഫൈനലും ജൂണ്‍ 27ന് രാവിലെ 6 മുതല്‍ നടക്കും. ഇതില്‍ ഓസ്ട്രേലിയയുമായോ അഫ്ഗാനിസ്ഥാനുമായോ ദക്ഷിണാഫ്രിക്ക മത്സരിക്കും.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 206 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയന്‍ ടീമിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണര്‍ ട്രാവിസ് ഹെഡ് 43 പന്തില്‍ 76 റണ്‍സ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 37 റണ്‍സും ഗ്ലെന്‍ മാക്‌സ് വെല്‍ 20 റണ്‍സും നേടി. ഇന്ത്യന്‍ ടീമിനായി ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിംഗ് 3 വിക്കറ്റും സ്പിന്നര്‍ കുല്‍ദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറയും അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി.
മത്സരത്തില്‍ രോഹിത് ശര്‍മ്മ ആറ് സിക്‌സറുകള്‍ പറത്തി. അന്താരാഷ്ട്ര ടി20യില്‍ 200 സിക്സറുകള്‍ നേടുന്ന ആദ്യതാരമായി രോഹിത് ശര്‍മ്മ റിക്കോര്‍ഡിട്ടു.ഈ പട്ടികയില്‍ രോഹിതിന് (203) ശേഷം ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (173) രണ്ടാം സ്ഥാനത്തും ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ജോസ് ബട്ട്ലര്‍ (137) മൂന്നാം സ്ഥാനത്തുമാണ്. വെറും എട്ട് റണ്‍സിനാണ് രോഹിത് സെഞ്ച്വറി നഷ്ടമായത്. സെഞ്ച്വറിയല്ല ടീമിന്റെ വിജയം മാത്രമാണ് മനസിലുണ്ടായിരുന്നതെന്ന് മത്സര ശേഷം രോഹിത് പ്രതികരിച്ചു.