കെ. ആർ. അജിത
ഉണ്ണിക്കണ്ണൻ വെണ്ണ തിന്നുന്ന കാഴ്ച… ധനലക്ഷ്മി രൂപം…കൗതുകത്തിന് അപ്പുറം കാഴ്ചക്കാരന് വാത്സല്യവും ഭക്തിയും തോന്നിക്കുന്നത് ആ ശില്പത്തിലേക്ക് നോക്കുമ്പോൾ ഉണ്ടാകുന്ന തേജസും ഓജസും കൊണ്ടാണ്. മാള എളന്തിക്കരയിലെ വീട്ടമ്മയായ ഉഷ ശില്പ കലയിൽ പുതു ചരിത്രം കുറിക്കുകയാണ്. ശില്പകല പഠിച്ചിട്ടില്ലാത്ത… ശില്പ കലയെ കുറിച്ച് ഒന്നുമറിയാത്ത ഉഷ ചെറുപ്പത്തിലെ ഒരു കൗതുകത്തിനു വേണ്ടിയും കൂട്ടുകാരുടെ കൂടെ കളിക്കാനും വേണ്ടിയാണ് ശില്പം ഉണ്ടാക്കൽ തുടങ്ങിയത്. വീട്ടിനടുത്തുള്ള ഇഷ്ടിക കളത്തിലെ കളിമണ്ണിൽ ഓരോ ശില്പങ്ങൾ തീർത്ത് ഓരോന്നും മിഴിവാർന്ന ചാരുതയാർന്ന ശില്പങ്ങൾ ആയി വരുമ്പോൾ ഉഷ തന്നെ സ്വയം ആനന്ദിക്കുകയും അഭിമാനം കൊള്ളുകയുമായിരുന്നു.
തുടർന്ന് 19 വയസ്സിൽ പോലോ കുഴി രവിയുമായുള്ള വിവാഹശേഷം വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞു. മക്കൾ സ്കൂളിൽ പോയി തുടങ്ങിയപ്പോ പകൽ സമയങ്ങളിലെ വിരസത ഒഴിവാക്കാൻ വീണ്ടും ശില്പ കലയിലേക്ക് ചെന്നെത്തുകയായിരുന്നു. പാടത്ത് നിന്നും എടുക്കുന്ന കളിമണ്ണിലാണ് ആദ്യമൊക്കെ ഉഷ ശില്പങ്ങൾ മെനഞ്ഞെടുക്കുന്നത്. ദേവി രൂപങ്ങളും ഗാന്ധിജി അയ്യങ്കാളി, ശ്രീബുദ്ധൻ, ശ്രീനാരായണഗുരു, യേശുക്രിസ്തു, കലമാൻ, നൃത്തം ചെയ്യുന്ന സ്ത്രീ, തുടങ്ങിയ ഒട്ടേറെ ശില്പങ്ങളാണ് ഉഷയുടെ കൈവിരൽ തുമ്പിൽ നിന്നും പിറവിയെടുത്തത്. കൈകൊണ്ട് മാത്രമാണ് എല്ലാ ശില്പങ്ങളും നിർമ്മിച്ചതെന്ന് ഉഷ പറയുന്നു. ശില്പ കലയിൽ ഉപയോഗിക്കേണ്ടതായ പണി ഉപകരണങ്ങളെ കുറിച്ചൊന്നും ഉഷ ബോധവതി അല്ല. ശില്പം ഉണങ്ങിക്കഴിഞ്ഞതിനുശേഷം കത്തി മുന കൊണ്ടാണ് രൂപ ഭംഗി വരുത്തുന്നത്. ശില്പങ്ങൾക്ക് അളവുകൾ ഉണ്ടെന്ന് ഫേസ്ബുക്കിൽ പോസ്റ്റുമ്പോൾ കിട്ടുന്ന കമന്റുകളിൽ നിന്നാണ് ഉഷ അറിയുന്നത്. ശില്പ കലയെ കുറിച്ച് അറിവുള്ളവർ ഉഷയെ വിളിച്ച് പറഞ്ഞു കൊടുക്കുന്ന അറിവ് മാത്രമാണ് ശില്പകലാരംഗത്ത് ഉഷയുടെ കൈമുതൽ.
ഇപ്പോൾ പാടത്ത് നിന്ന് മണ്ണെടുക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. മഴവെള്ളത്തോടൊപ്പം ചരൽ കൂടി ഒലിച്ചുവന്ന് കളിമണ്ണിൽ ചരൽ ചേരുന്നത് കൊണ്ട് ശില്പമുണ്ടാക്കാൻ ബുദ്ധിമുട്ടാണ്. ചരൽ ചേരുമ്പോൾ ശില്പം ഉണങ്ങിക്കഴിയുമ്പോൾ പൊട്ടിപ്പോകുവാൻ സാധ്യത ഉണ്ടെന്ന് ഉഷ പറയുന്നു. അതുകൊണ്ട് അടുത്തുള്ള മനക്കപ്പടി കരുമാലൂർ തട്ടാൻ പടി, എന്നീ പ്രദേശത്തു നിന്നും മൺപാത്രങ്ങൾ ഉണ്ടാക്കുന്നവരിൽ നിന്നാണ് ഉഷ ഇപ്പോൾ മണ്ണ് വാങ്ങുന്നത് . ഓരോ ശില്പം ഉണ്ടാക്കി കഴിഞ്ഞു ആദ്യം വെള്ള പെയിന്റ് പൂശുന്നു. തുടർന്ന് അക്രിലിക് നിറങ്ങൾ ഉപയോഗിച്ച് ശില്പങ്ങളെ ചാരുതയോടെ വർണ്ണശബളമാക്കുന്നു. പൂർണ്ണതയിൽ എത്തുന്ന ശില്പങ്ങൾ വെക്കാനുള്ള സ്ഥല പരിമിതി കൊണ്ട് ശില്പങ്ങൾ ബന്ധുക്കളുടെ വീട്ടിലും അയൽവാസികൾക്കും മറ്റും കൊടുക്കുകയാണ് പതിവ്. പണത്തിനു വേണ്ടിയല്ല ഉഷ ശില്പം തീർക്കുന്നത്. മറിച്ച് സന്തോഷവും ആത്മസംതൃപ്തിയും ആണ് ശില്പനിർമ്മാണത്തിൽ നിന്നും ഉഷയ്ക്ക് കിട്ടുന്നത്.
ശില്പനിർമ്മാണത്തിലെ ആധികാരികത അറിയാത്തതുകൊണ്ട് ഉഷയുടെ ശില്പങ്ങൾ പല വലിപ്പത്തിലുള്ളവയാണ്. ഓരോ ശിൽപ്പത്തിനും വേണ്ട അളവുകൾ മനസ്സിൽ കുറിച്ചിട്ടാണ് ഉഷ ശിൽപ്പ നിർമ്മാണത്തിന് ഒരുങ്ങുന്നത്. കോവിഡ് വന്നതിനു ശേഷം കളിമണ്ണിന്റെ അലർജി ഉഷയെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും ശില്പം നിർമ്മിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്നാണ് ഈ വീട്ടമ്മ പറയുന്നത്. ശിൽപ നിർമ്മാണത്തിൽ പ്രോത്സാഹനമായി ഭർത്താവ് രവിയും മക്കളായ രാഹുലും ഗോകുലും ഒപ്പമുണ്ട്. ശിൽപ്പകല പഠിക്കാൻ കഴിയാത്ത തിന്റെ എല്ലാ സങ്കടങ്ങളും ഓരോ ശില്പ നിർമ്മാണത്തിന്റെ പൂർണ്ണതയിൽ സ്വയം മറക്കാൻ ശ്രമിക്കുകയാണെന്ന് ഈ വീട്ടമ്മ. ഓരോ ശില്പത്തിനു വേണ്ടിയും മനസ്സൊരുക്കം നടത്തി മണ്ണിൽ കൈ വയ്ക്കുമ്പോൾ ജീവൻ തുടിക്കുന്ന ശില്പമായി തീരുന്നു. ദൈവത്തിന്റെ ഒരു കയ്യൊപ്പ് മാത്രമാണ് തനിക്ക് കിട്ടിയ ഈ സിദ്ധി യെന്ന് പറയുകയാണ് ഈ വീട്ടമ്മ. ശിൽപ്പമാക്കി തീർക്കാനുള്ള ഒരുപാട് മുഖങ്ങളും രൂപങ്ങളും മനസ്സിലുണ്ട്…. വൈകാതെ…. എല്ലാം ശില്പമായി ഉഷയുടെ വീടിന് വർണ്ണാലങ്കാരമാകും..