ഇരിങ്ങാലക്കുടയില്‍ വിദേശരാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഇരിങ്ങാലക്കുട മെട്രോ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ‘അഗ്നീര’ എന്ന സ്ഥാപനത്തിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വര്‍ക്ക് പെര്‍മിറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പാണ് യുവതി നടത്തിയിരിക്കുന്നത്. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും 28ഓളം പരാതികള്‍ ഇരിങ്ങാലക്കുട പൊലീസില്‍ ലഭിച്ചിട്ടുണ്ട്. അന്തിക്കാട് അഞ്ചങ്ങാടി സ്വദേശിയില്‍നിന്നും സ്വീഡനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപയാണ് യുവതി തട്ടിയെടുത്തത്. ആകാശ് എന്ന യുവാവിന് മാസം ഒന്നര ലക്ഷം രൂപ വേതനം ലഭിക്കുന്ന വര്‍ക്ക് വിസക്ക് നാലരലക്ഷം രൂപ ആവശ്യപ്പെടുകയും പേപ്പര്‍ വര്‍ക്കുകള്‍ക്കായി ഉടന്‍ ഒരുലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
നവംബറില്‍ തുക നല്‍കിയെങ്കിലും വിസയുടെ കാര്യത്തില്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിസ ശരിയായില്ലെന്നും കഴിഞ്ഞ ജൂണ്‍ അഞ്ചിന് പണം തിരികെ നല്‍കാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ യുവതിയുടെ ഫോണും ഓഫ് ചെയ്ത നിലയിലാണ്. സ്ഥാപനത്തിലെത്തിയെങ്കിലും സ്ഥാപനം അടച്ചുപൂട്ടിയ നിലയിലാണ്. തുടര്‍ന്നാണ് യുവാവ് ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കിയത്.