മനാമ (Manama) : പഴയ മനാമ മാർക്കറ്റി (Old Manama Market) ൽ വൻ തീപിടിത്തം. ഇരുപത്തിയഞ്ചിലധികം കടകൾ കത്തിനശിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്. ആദ്യം ഒരു ബഹുനില റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീ പടർന്നതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, കുവൈത്ത് തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഉയരുകയാണ്.തീപിടിത്തത്തിൽ ഇരുപത്തിനാല് മലയാളികൾ മരിച്ചിട്ടുണ്ടെന്ന് നോർക്ക അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു.
കൊല്ലം ശൂരനാട് നോർത്ത് ഷെമീർ (30), കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു (30), തൃക്കരിപ്പൂർ പിലിക്കോട് എരവിൽ തെക്കുമ്പാടെ കേളു പൊന്മലേരി (55), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ആകാശ് എസ്. നായർ (32), പത്തനംതിട്ട വാഴമുട്ടം പി.വി. മുരളീധരൻ (54), പുനലൂർ നരിക്കൽ സാജൻ ജോർജ് (28), ലൂക്കോസ് വടക്കോട്ട് (സാബു, 48) (കൊല്ലം), സജു വർഗീസ് (കോന്നി, 56), രഞ്ജിത്ത് കുണ്ടടുക്കം (കാസർകോട്,34), തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ (37), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂർ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എം പി ബാഹുലേയൻ (36), കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണൻ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിലാണ്.മൃതദേഹങ്ങളെല്ലാംഒന്നിച്ച് നാട്ടിലെത്തിക്കും. ഇതിനായി കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരെ അവിടെ തന്നെ ചികിത്സിക്കും.സർക്കാർ പ്രതിനിധിയായി മന്ത്രി വീണ ജോർജ് ഉടൻ കുവൈത്തിലേക്ക് പോകും. രക്ഷാദൗത്യം മന്ത്രി ഏകോപിപ്പിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈത്തിലെത്തിയിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പ്രമുഖ വ്യവസായി എം എ യൂസഫലി അഞ്ച് ലക്ഷവും, പ്രവാസി വ്യവസായി രവി പിള്ള രണ്ട് ലക്ഷം രൂപയും നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയും നഷ്ടപരിഹാരം നൽകിയേക്കും.