18 ലക്ഷത്തിന്റെ നോട്ടുമാലയണിഞ്ഞ് ഒരു വധുവും വരനും. വരന് എട്ട് സഹോദരിമാരാണ്. എട്ട് സഹോദരിമാർക്ക് ഒറ്റ ആങ്ങളയാണ് യുവാവ്. സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും കൂടിയാണ് ലക്ഷങ്ങളുടെ നോട്ടുമാല സഹോദരനെയും ഭാര്യയെയും അണിയിച്ചത്. മെയ് 15 -ന് മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ ഷിയാനിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദമ്പതികളുടെ കഴുത്തിൽ 100 യുവാന്റെ നോട്ടുകളാണ് സഹോദരിമാർ മാറിമാറി വയ്ക്കുന്നത്. സ്റ്റേജിൽ വച്ച് ദമ്പതികളുടെ കഴുത്തിൽ നോട്ടുമാല വയ്ക്കുന്നത് കാണിക്കുന്ന വീഡിയോകളും ഇവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയിൽ സഹോദരിമാർ വധുവിനെയും സഹോദരിമാരുടെ ഭർത്താക്കന്മാർ വരനെയും നോട്ടുമാലകൾ അണിയിക്കുന്നതാണ് വീഡിയോയിൽ.
നോട്ടുമാലകൾ വലിയ ഭാരമുള്ളതായിരുന്നു, അവരുടെ കഴുത്തുകൾ വേദനിച്ചിട്ടുണ്ടാകും എന്നാണ് വീഡിയോ ഡുയിനിൽ പങ്കുവച്ച, വിവാഹത്തിന് വീഡിയോ പകർത്തിയ അതിഥി പറയുന്നത്. വരന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചതാണ്. സഹോദരിമാരാണ് അവനെ വളർത്തിയത്. സഹോദരിമാരുടെ ഭർത്താക്കന്മാരെല്ലാം വലിയ പണക്കാരാണ്. അവരാണ് വിവാഹം നടത്തുന്നത് എന്നും അവർ പറയുന്നു.
സഹോദരനെ പിന്തുണക്കാനുള്ള ഏറ്റവും മികച്ച മാർഗമായിരുന്നു നോട്ടുമാല നൽകുന്നത്. എന്നാൽ, സഹോദരിമാർ അത് പ്ലാൻ ചെയ്തത് അവനറിഞ്ഞിരുന്നില്ല. അവനത് ഒരു സർപ്രൈസായിരുന്നു എന്നും അതിഥി പറയുന്നു.
ചൈനയിലെ ചില പ്രദേശങ്ങളിൽ ആൺകുട്ടികൾക്ക് വലിയ പ്രാധാന്യമാണ്. പലപ്പോഴും സഹോദരിമാരോട് സഹോദരന്മാരെ നോക്കണമെന്നും അവർക്കുവേണ്ടി പറ്റുന്നതെല്ലാം ചെയ്യണമെന്നും രക്ഷിതാക്കൾ ഓർമ്മിപ്പിക്കാറുണ്ട്. എന്തിന് സഹോദരന്മാർക്ക് വേണ്ടി ത്യാഗം ചെയ്യാൻ പോലും ആവശ്യപ്പെടാറുണ്ട് എന്നും ചിലർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി.