കോഴിക്കോട്: പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീഡിയോ പുറത്തായതിന് പിന്നാലെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയുടെ നാടകീയമായ മൊഴിമാറ്റത്തിലൂടെ കേസ് ദുര്‍ബലമായിരിക്കുകയാണ്. പൊതുസമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായി പെണ്‍കുട്ടിക്കൊപ്പം നിന്ന കേസില്‍ രാഹുലിനെ സഹായിച്ചതിന്റെ പേരില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നുണ പറഞ്ഞതാണെന്ന് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്.
എഫ്‌ഐആര്‍ റദ്ദ് ചെയ്യുന്നതിനുള്ള സത്യവാങ്മൂലത്തില്‍ പെണ്‍കുട്ടി ഒപ്പിട്ടു നല്‍കിയതായാണ് സൂചന.പ്രതി രാഹുലിനെ ന്യായീകരിച്ചു കൊണ്ടുളള വീഡിയോയുമായി പരാതിക്കാരി പെണ്‍കുട്ടി ഇന്നലെയാമ് രംഗത്തെത്തിയത്. മാറി നിന്നതില്‍ ദുരൂഹതയില്ല. മനസ്സമാധാനത്തിന് വേണ്ടിയാണ് മാറി നിന്നത്. താന്‍ സുരക്ഷിതയാണെന്നും യുവതി അറിയിച്ചു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. വീട്ടില്‍ നിന്നും മാറിനിന്നത് സമ്മര്‍ദ്ദം മൂലമാണ്. ബന്ധുക്കളുടെ ആത്മഹത്യാഭീഷണി മൂലമാണ് നുണ പറയേണ്ടി വന്നതെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.