തൃശൂര്‍: കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തൃശൂര്‍ ഡി.സി.സിയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൂട്ടയടി. സംഘര്‍ഷങ്ങള്‍ അതിര് വിട്ടതോടെ സ്ഥലത്ത് പോലീസ് എത്തി. തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ മൂന്നാമതെത്തിയിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഡി.സി.സി. ഓഫീസിന്റെ ചുവരിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍ എം.പി: ടി.എന്‍. പ്രതാപന്‍, ഡി.സി.സി. അധ്യക്ഷന്‍ ജോസ് വള്ളൂര്‍, എം.പി. വിന്‍സന്റ് എന്നിവര്‍ക്കെതിരേയായിരുന്നു പോസ്റ്ററുകള്‍.
മുരളീധരന്റെ ഏറ്റവും അടുത്ത അനുയായിയായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ചുക്കാന്‍ പിടിച്ച ഡി.സി.സി. സെക്രട്ടറി സജീവന്‍ കുരിയച്ചിറ ഇന്നലെ വൈകിട്ട് ഡി.സി.സി. ഓഫീസിലെത്തിയപ്പോള്‍ ജോസ് വള്ളൂരും ഒപ്പമുള്ളവരും പിടിച്ചുതള്ളിയെന്നാണു പരാതി. സജീവനൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകനാണു പോസ്റ്ററുകള്‍ക്കു പിന്നിലെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണു പരാതി. തുടര്‍ന്ന് സജീവന്‍ ഡി.സി.സി. ഓഫീസിന്റെ താഴത്തെ നിലയില്‍ കെ. കരുണാകരന്റെ ചിത്രത്തിനു കീഴില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇരുവിഭാഗത്തെയും അനുകൂലിക്കുന്ന കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷം കനത്തു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ഇടപെട്ടില്ല. പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലുന്ന വീഡിയോ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചത് കോണ്‍ഗ്രസിന് നാണക്കേടായി.