യു കെ (UK) : വിവാഹശേഷം ആദ്യ കുഞ്ഞിന്‍റെ ജനനം ആ കുടുംബത്തിലേക്ക് കൊണ്ടുവരുന്നത് ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ്. എന്നാൽ യുകെയിലെ മാഞ്ചസ്റ്റര്‍ സ്വദേശിയായ 40 കാരനായ തോമസ് ഗിബ്‌സണ് (40-year-old Thomas Gibson from Manchester, UK) പക്ഷേ, ആ സന്തോഷം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടായില്ല. ഭാര്യ റെബേക്ക മോസ് തന്‍റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഹൃദയാഘാതം മൂലം മരിച്ചു.
റബേക്കയെ സിസേറിയനായി ആശുപത്രിയില്‍ പ്രവേശിക്കേണ്ട ദിവസമായിരുന്നു അന്ന്. പക്ഷേ, റെബേക്ക രാവിലെ നോക്കുമ്പോള്‍ കാണുന്നത് അബോധാവസ്ഥയിലായി സെറ്റിയില്‍ ഇരിക്കുന്ന തന്‍റെ ഭര്‍ത്താവിനെയാണ്. ഉടനെ അടിയന്തര മെഡിക്കല്‍ സര്‍വ്വീസില്‍ ബന്ധപ്പെടുകയും അദ്ദേഹത്തെ ആശുപത്രിയിലാക്കുകയും ചെയ്തു. പക്ഷേ, തോമസ് ഗിബ്‌സണ്‍ന്‍റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ആശുപത്രിയില്‍ വച്ച് തോമസ് മരിച്ചതിന് പിന്നാലെ മണിക്കൂറുകളുടെ ഇടവേളയില്‍ റെബേക്ക, തന്‍റെ ആദ്യ മകള്‍ ഹാർപ്പറിന് ജന്മം നല്‍കി. ആദ്യ കുഞ്ഞിനെ കാണാതെ ഇതിനകം തോമസ് യാത്രയായിരുന്നു. തോമസിന്‍റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ്, തങ്ങളുടെ വിലയിരുത്തലില്‍ ഉണ്ടായ തെറ്റാണ് മരണത്തിന് പെട്ടെന്നുള്ള കാരണമെന്ന് വ്യക്തമാക്കി.
11 ദിവസം മുമ്പ് തോമസിനെ സ്കാന്‍ ചെയ്തപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് തെറ്റായി വിലയിരുത്തപ്പെട്ടു. ഇത് മൂലം ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ കഴിഞ്ഞില്ല. അന്ന് തന്നെ പേസ്മേക്കർ ഘടിപ്പിച്ചിരുന്നെങ്കില്‍ ദാരുണമായ മരണം ഒഴിവാക്കാമായിരുന്നെന്നും അവര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഒരു തടി യാര്‍ഡിലായിരുന്നു തോമസ് ഗിബ്സണ്‍ ജോലി ചെയ്തിരുന്നത്. പൂര്‍ണ്ണ ആരോഗ്യവാനായ അദ്ദേഹം മരിക്കുന്നതിന് മൂന്നാഴ്ച മുമ്പ് മലബന്ധവും വയറിളക്കവും മൂലം ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയിരുന്നു.
എന്നാല്‍ പരിശോധനയ്ക്ക് ശേഷം ഗുരുതരമായ സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്തെങ്കിലും ഗുരുതര സാഹചര്യമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും പരിശോധന നടത്തണമെന്നും ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന് ജീവന്‍ നഷ്ടമായി.