കാനഡയിൽ 50 കാരിയുടെ കുടലിൽ മദ്യം ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തൽ. മദ്യപിക്കാതെ ലഹരി അനുഭവപ്പെടുകയും നാവ് കുഴയുകയും ചെയ്ത 50 കാരിയിലാണ് അപൂർവ രോഗം കണ്ടെത്തിയത്. തിങ്കളാഴ്ച കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു കേസ് റിപ്പോർട്ടിലാണ് വിചിത്രമായ ഈ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
കുടലിൽ വന്ന ഫംഗസ് ബാധയാണ് യുവതിയെ ഈ രോഗാവസ്ഥയിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓട്ടോ-ബ്രൂവറി സിൻഡ്രോം എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ഫംഗസ് ബാക്ടീരിയ ബാധ മൂലം കഴിക്കുന്ന ഭക്ഷണത്തിലെ കാർബോ ഹൈഡ്രേറ്റ് എഥനോൾ ആയി മാറുകയാണ് ഇത്തരക്കാരിൽ ചെയ്യുന്നത്.
രണ്ട് വർഷമായി അൻപതുകാരിയായ യുവതിക്ക് പകൽസമയത്തെ ഉറക്കക്കുറവും സംസാരത്തിൽ നാവ് കുഴയുന്നതും, മദ്യം കഴിച്ചില്ലെങ്കിലും ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് ചികിത്സ തേടിയ യുവതി മദ്യപിക്കാറില്ല എന്ന് പറഞ്ഞിട്ടും ആദ്യമൊന്നും ഡോക്ടർമാർ വിശ്വസിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനകളിലാണ് യുവതിക്ക് അപൂർവ രോഗം സ്ഥിരീകരിച്ചത്.