വിവാഹ ഘോഷയാത്ര മരണയാത്രയായി; ട്രാക്‌ടർ തലകീഴായി മറിഞ്ഞ് 13 മരണം…

Written by Web Desk1

Updated on:

ഭോപ്പാൽ (Bhopal) : മദ്ധ്യപ്രദേശിലെ രാജ്‌ഗഡിൽ വിവാഹ ഘോഷയാത്രയ്‌ക്കിടയിൽ ട്രാക്‌ടർ തലകീഴായി മറിഞ്ഞ് വൻ അപകടം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ മോടിപുര എന്ന സ്ഥലത്ത് നിന്നും മദ്ധ്യപ്രദേശിലെ കുലംപൂർ എന്നയിടത്തേക്ക് ഘോഷയാത്ര പോവുകയായിരുന്നു. ഇതിനിടെ കൂട്ടത്തിലെ ട്രാക്‌ടർ അപകടത്തിൽ പെടുകയായിരുന്നു. പിപ്‌ലോഡി എന്ന സ്ഥലത്ത് ചുരം റോഡിൽ വച്ചാണ് ട്രാക്‌ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്.

അപകടത്തിൽ 13 പേർക്ക് ജീവൻ നഷ്‌ടമായി. ഇതിൽ നാലുപേർ കുട്ടികളാണ്. 15 പേർക്കാണ് സംഭവത്തിൽ ആകെ പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിയായ നാരായൺ സിംഗ് പൻവാ‌ർ, രാജ്‌ഗഡ് കളക്‌ടർ ഹർഷ് ദീക്ഷിത്, എസ്.പി എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ രാജ്‌ഗഡ് ജില്ലാ ആശുപത്രിയിൽ നടക്കുകയാണെന്നും അതീവ ഗുരുതരമായ പരിക്കുള്ളവരെ ഭോപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി എക്‌സ് വഴി അറിയിച്ചു.

അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. ‘മദ്ധ്യപ്രദേശിലെ രാജ്‌ഗഡ് ജില്ലയിൽ വാഹനാപകടത്തിൽ നിരവധിപേരുടെ ജീവൻ നഷ്‌ടമായ വാർത്ത വളരെ ദു:ഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്‌ടമായവരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവ‌ർക്ക് എത്രയും വേഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നു.’ രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ടെന്നും രക്ഷാപ്രവർത്തനത്തിന് രാജസ്ഥാൻ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

See also 

Leave a Comment