കൊല്ലം : പ്രമുഖ നടിയും നര്‍ത്തകിയുമായ ആശാ ശരത്ത് ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. കേസില്‍ പത്താം പ്രതിയാണ് ആശാ ശരത്ത്. കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസ് നടത്തുന്ന നിസാമുദ്ദിന്റെ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. കൊച്ചിയിലുളള എസ്പിസി (സ്‌പെസസ് പ്രൊഡ്യൂസര്‍ കോ.ലിമിറ്റഡ്) എന്ന സ്ഥാപനമാണ് നിസാമുദ്ദിനെ കബളിപ്പിക്കാന്‍ ശ്രമിച്ചത്.
ഈ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറും ബോര്‍ഡ് അംഗവുമാണ് ആശാ ശരത്ത്. ആശാശരത്തിന്റെ പരസ്യത്തിലെ വാക്കുകള്‍ വിശ്വസിച്ചാണ് താന്‍ പണം നല്‍കിയതെന്ന് നിസാമുദ്ദീന്‍ പരാതിയില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും നിസാമുദ്ദീന്‍ പരാതി നല്‍കിയിരുന്നു. പരാതിയെത്തുടര്‍ന്ന് ഇരവിപുരം പോലീസ് കേസില്‍ എഫ്‌ഐആറിടുകയും കമ്പനി ചെയര്‍മാന്‍ ജോയ്‌മോനെ അറസ്റ്റുചെയ്യുകയും ചെയ്തു. കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് ഉറപ്പായപ്പോള്‍ കമ്പനി വാങ്ങിച്ച തുക നിസാമുദ്ദിന് നല്‍കി കേസ് ഒത്തുതീര്‍ക്കുകയായിരുന്നു.
സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്നും പൈസ വാങ്ങി ബ്രാന്‍ഡ് അംബാസിഡറായതെന്നും ഉപഹാരമായാണ് ബോര്‍ഡ് അംഗത്വം നല്‍കിയതെന്നും ആശാ ശരത് അറിയിച്ചു. തട്ടിപ്പില്‍ ആശാ ശരതിന് പങ്കില്ലെന്ന് പോലീസും പറഞ്ഞു.