സ്ത്രീ പുരുഷ ഭേദമില്ലാതെ ആർക്കും കടന്നുചെല്ലാൻ കഴിയുന്ന ഒരു മേഖലയാണിന്ന് സിനിമയും. സംവിധായകരായും, നിർമാതാക്കളായുമൊക്കെ അവരും സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ തുടങ്ങി. എന്നാൽ സ്ത്രീകൾ അത്രത്തോളം സിനിമ സംവിധായക മേഖലയിലേയ്ക്ക് കടന്നു വരാത്ത ഒരു കാലഘട്ടത്തിൽ ബോളിവുഡ് സിനിമ സംവിധാന മേഖലയിൽ അസിസ്റ്റൻറ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുളള കേരളത്തിൽ നിന്നുള്ള ഒരു വനിത വ്യക്തിത്വമാണ് സനിത ദാസൻ.
➤ സ്ത്രീകൾ പൊതുവെ കടന്നു വരാത്ത സംവിധാന രംഗത്തേയ്ക്ക് 10 കൊല്ലം മുൻപ് കടന്നു വന്നപ്പോഴുള്ള അനുഭവം എന്തായിരുന്നു ?
2010 ലെ വീർ എന്ന് പറയുന്ന സൽമാൻ ഖാൻ്റെ സിനിമയിലൂടെ ട്രെയിനി അസിസ്റ്റൻറ് ഡയറക്ടർ ആയാണ് ബോളിവുഡിൽ ആദ്യമായി ജോയിൻ ചെയ്യുന്നത്. സ്ത്രീകൾ അത്രത്തോളം കടന്നുവരാത്ത ഒരു കാലഘട്ടമായിരുന്നു അത്. എന്നിരുന്നാലും വ്യക്തിപരമായി നോക്കിയാൽ അതെനിക്ക് നല്ലൊരനുഭവമാണ് സമ്മാനിച്ചത്. അവിടെ എല്ലാവരും എനിക്ക് സൗത്തിന്ത്യയിൽ നിന്നുള്ള ഒരു അസിസ്റ്റൻറ് ഡയറക്ടർ എന്ന പരിഗണന നൽകിയിരുന്നു.” സനിത , ഷി ഈസ് ഫ്രം സൗത്ത് ‘എന്നാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നതും . അത് നല്ലൊരു സ്വീകരണമായിരുന്നു .എല്ലാവരുടെയും ഹെല്പ്പും ആ ടൈമിൽ എനിക്ക് കിട്ടിയിരുന്നു .
➤ മലയാളത്തിലെ ഇഷ്ട നടൻ / ചിത്രം ? പുതുതലമുറ നടന്മാരിൽ ആരെയാണ് ഇഷ്ടം?
മലയാളത്തിലെ ഇഷ്ടപ്പെട്ട നടൻ തീർച്ചയായും മോഹൻലാൽ തന്നെയാണ് . അദ്ദേഹത്തിൻ്റെ എല്ലാ സിനിമകളും ഇഷ്ടമാണ് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഗുരു സിനിമയാണ്. നല്ല ഒരു അഡ്വൈസ് ജനങ്ങൾക്ക് നൽകിയ സിനിമ കൂടിയാണ് അത്. പുതുതലമുറയിലെ എല്ലാ നായകന്മാരേയും ഇഷ്ടമാണ്. എല്ലാ നായകന്മാരും അവരവരുടേതായ അഭിനയ മികവ് കാഴ്ച വയ്ക്കുന്നവരാണ്. പ്രത്യേകിച്ച് ആരെയും എടുത്തു പറയാൻ സാധിക്കില്ല അങ്ങനെയുള്ള ഗംഭീരമായ അഭിനയമാണ് എല്ലാ നടന്മാരും കാഴ്ചവയ്ക്കുന്നത്.
➤ സിനിമ ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവം?
അത് ഹിന്ദി സിനിമയിലെ മറക്കാനാവാത്ത അനുഭവം എന്ന് പറയുന്നത് ഞാൻ യോഗേഷ് ഭരദ്വാജ് സാറിൻ്റെ അസിസ്റ്റൻ്റായി ഹരിയ എന്ന മൂവിയിൽ വർക്ക് ചെയ്യുന്ന സമയത്ത് ആ ഷൂട്ടിംഗ് സെറ്റിലെ ലൈറ്റസ് യൂണിറ്റിൻ്‌റെ ഓണർ, അദ്ദേഹത്തിൻ്റെ മകൻ ഡിഗ്രിക്ക് പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു. ഒരു ദിവസം ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഭയങ്കര മഴയായിരുന്നു രാത്രി പാക്കപ്പ് പറഞ്ഞതും ഏതോ ഒരു ലൈറ്റ് ഷോർട്ട് സർക്യൂട്ട് ആയി, ഈ കുട്ടി ആ ലൈറ്റ് കേറിപിടിച്ചു തെറിച്ചു വന്നു വീണത് എൻ്റെ മുൻപിലായിരുന്നു . ആ ഓൺ ദ സ്പോട്ട് ബോഡിയെല്ലാം കരിഞ്ഞ് ആ കുട്ടി മരിച്ചു പോയി. അത് വല്ലാത്തൊരു ഷോക്കായിരുന്നു. അതാണ് മറക്കാൻ കഴിയാത്ത ഒരനുഭവം.
➤ പുരുഷന്മാരായ സംവിധായകരിൽ നിന്ന് എത്രത്തോളം പിന്തുണ കിട്ടിയിരുന്നു ?
അന്ന് സംവിധായക രംഗത്തേയ്ക്ക് അധികം സ്ത്രീകൾ കടന്നു വരാത്ത സമയമായിരുന്നിട്ടും ഞാനവരിലേക്ക് റീച്ച് ചെയ്തിട്ടുണ്ടായിരുന്നില്ല. എല്ലാ സംവിധായകരും വളരെ ഹെൽഫുൾ ആയിരുന്നു . ഓരോ സംവിധായകരുടെ കൂടെ വർക്ക് ചെയ്യുമ്പോഴും ഓരോ ഫ്രെയിം വെക്കുമ്പോഴും ഓരോരുത്തർക്കും ഡിഫറന്റ്റ് ആയിട്ടുള്ള കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. നമ്മൾ ഫ്രീ ലാൻസ് ആയി പലപല ഡയറക്ടർമാരോടൊപ്പം വർക്ക് ചെയ്യുമ്പോൾ അവരുടെ എല്ലാ മേക്കിങ് മെത്തേഡും നമുക്ക് പഠിച്ചെടുക്കാൻ സാധിക്കും അതു തന്നെയാണ് ഏറ്റവും വലിയ ഒരു അഡ്വാൻ്റെജ്.
➤ പുതിയ പ്രോജെക്ടസ്
എൻ്റെ ആദ്യത്തെ സിനിമ മലയാളത്തിലാകണമെന്ന് ആഗ്രഹമുണ്ട്. പുതിയ സിനിമയുടെ അണിയറ പ്രവർത്തനത്തിലാണ് ഇപ്പോൾ . വൈകാതെ തന്നെ അതിന്റെ പ്രഖ്യാപനം ഉണ്ടാകും.
➤ ബാല്യകാലം ?
എറണാകുളത്ത് കടവന്ത്രയിലാണ് വീട്. ജനിച്ചതും വളർന്നതും പഠിച്ചതും എല്ലാം എറണാകുളത്ത് തന്നെയായിരുന്നു.
➤ പഠനം ?
ബി എ എകണോമിക്സാണ് പഠിച്ചത്. പ്ലസ് ടു പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആഡ് ഫിലിമിലും ഷോർട്ട് ഫിലിമിലൊക്കെ അസിസ്റ്റന്റ്റ് ഡയറക്ടറായി അന്നേ ഡയറക്ഷൻ പഠിച്ചു. സിനിമയിൽ എന്റെ ഗുരു ലാൽ ജോസ് സാർ ആണ്. അദ്ദേഹം സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അസിസ്റ്റന്റ്റ് ഡയറക്ടർ ആകുന്നത്. മലയാളത്തിൽ ലെറ്റസ്റ്റായി അസിസ്റ്റ് ചെയ്ത ചിത്രം ജെറി ആണ് (2024)
➤ തുടക്കം തന്നെ ബോളിവുഡിൽ, എങ്ങനെ സാധ്യമാക്കി അത് ?
എന്റെ സിനിമ കരിയറിലെ നല്ലൊരു തുടക്കം ബോളിവുഡിലെ ഫിലിമിൽ നിന്നു തന്നെയാണ് . തുടർന്ന് 8 വർഷം ഹിന്ദി ഫിലിമിൽ വർക്ക് ചെയ്തു, അതിന് കാരണം എൻ്റെ ചേച്ചിയാണ്.,ചേച്ചിയുടെ ഹസ്ബൻഡ് ജീജാജി ഗുജറാത്തിലാണ് അവർ സെറ്റിൽ ചെയ്തിരിയ്ക്കുന്നത് മുംബൈയിലാണ് .അങ്ങനെയാണ് ഞാൻ മുംബൈയിലേക്ക് പോകുന്നത്. ബോളിവുഡിലെ ഫേമസ് ഫിലിം ഡയറക്ടർ അനീസ് ബസ്മി ജീജാജിയുടെ നെയിബർ ആയിരുന്നു. അങ്ങനെ എനിക്ക് വേണ്ടി ഒരു അപ്പോയിൻമെന്റ്റ് കിട്ടുകയും അതിൻ പ്രകാരമാണ് ഞാനിവിടുന്ന് പോകുന്നത്. അനീസ് ബസ്മിയുടെ ഫ്രണ്ടാണ് സൽമാൻ ഖാൻ്റെ വീർ എന്ന സിനിമയുടെ പ്രൊഡ്യൂസർ വിജയ് ഗിലാനിയെ എനിക്ക് പരിചയപ്പെടുത്തുന്നത് .
ഇന്ത്യയിലെ ആദ്യത്തെ 100 കോടി ബഡ്ജറ്റ് ഫിലിം ആയ വീറിൻ്റെ ഡയറക്ടർ അനിൽ ശർമ്മയാണ്.അദ്ദേഹത്തിനൊപ്പമാണ് ഞാൻ ബോളിവുഡിൽ ഫസ്റ്റ് മൂവി ചെയ്യുന്നത് .നല്ലൊരു അനുഭവമായിരുന്നു പ്രത്യേകിച്ച് സൗത്ത് ഇന്ത്യയിൽ നിന്നുള്ള അസിസ്റ്റൻറ് ഡയറക്ടർ ആയത് കാരണം മാനേജരുടെ ഭാഗത്തുനിന്നും സ്പെഷ്യൽ കെയർ ഉണ്ടായിരുന്നു. കേരളം ആണെങ്കിലും” മദ്രാസി “എന്നാണ് എല്ലാവരും വിളിച്ചിരുന്നത് .
➤ സൽമാൻ ഖാനുമായുള്ള അനുഭവം?
സൽമാൻ ഖാൻ അദ്ദേഹം ആദ്യമായിട്ട് എന്നോട് പറയുന്നത് ,രണ്ട് കൈകളും കൂപ്പി “നമസ്കാരം മദ്രാസി “എന്നാണ്. അവിടെ നമ്മൾ കേരളത്തിൽ നിന്ന് വന്നവരാണെങ്കിലും തമിഴ്നാട്ടിൽ നിന്ന് വന്നവരാണെങ്കിലും എല്ലാവരേയും കൂടി ഒറ്റ പേരിലാണ് പറയുന്നത് മദ്രാസി . അദ്ദേഹം എന്നെ മദ്രാസി എന്ന് അതിസംബോധന ചെയ്തു . അദ്ദേഹം ഫ്രണ്ട്ലി ഒന്നുമല്ല എന്നാലും സംസാരിക്കും. നമ്മുടെ ഇവിടുത്തെ ആക്ടേഴ്സ് അവരെ സംബ ന്ധിച്ചിടത്തോളം നല്ല ഫ്രീയാണ് .അവിടെ എല്ലാവരും സ്ട്രിക്ടാണ് . ഓവർ ജാഡ ഒക്കെ കാണിച്ചിരിക്കുന്ന ആളുകൾ തന്നെയാണ് . അതിനെക്കാളും എത്രയോ ബെറ്റർ ആണ് നമ്മുടെ ഇവിടുത്തെ നായകൻമാർ.
➤ കുടുംബം
എൻറെ അച്ഛൻ കാർ മെക്കാനിക് ആയിരുന്നു ദാസൻ എന്നാണ് പേര് .അമ്മയുടെ പേര് ശാന്ത, ഹൗസ് വൈഫാണ്. ഹസ്‌ബൻ്റിൻ്റെ പേര് പ്രശാന്ത് .ഒരു മകനുണ്ട് .മകൻ്റെ പേര് നിരഞ്ജൻ