വെള്ളക്കാരിത്തടം : മീന്‍ പിടിക്കാനായി സാമൂഹ്യവിരുദ്ധര്‍ പാറക്കുളത്തില്‍ വിഷം കലക്കിയതിനെതുടര്ന്ന് കുളത്തിലെ മീനുകള്‍ ചത്തുപൊങ്ങി. വെള്ളക്കാരിത്തടം തയ്യില്‍തറയില്‍, ആറ്റിക്കര എന്നീ കുടുംബങ്ങളുടെ പാറക്കുളത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയുടെ മറവില്‍ ചിലര്‍ വിഷം കലക്കിയത്. വിഷം കലക്കിയതിനു പുറമെ തോട്ട പൊട്ടിച്ചിട്ടുണ്ടോ എന്നും സംശയമുണ്ട്. മത്സ്യകൃഷിയുടെ ഭാഗമായി രണ്ടായിരത്തോളം മീന്‍കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചിരുന്നു. വിളവെടുക്കാന്‍ പാകമായവയുള്പ്പെടെ അവ എല്ലാം ചത്തുപൊങ്ങി. മീനുകള്‍ അഴുകാന്‍ തുടങ്ങിയതോടെ പരിസരമാകെ ദുര്‍ഗ്ഗന്ധം നിറഞ്ഞിരിക്കുകയാണ്.
മീന്‍ മാത്രമല്ല, കുളത്തിലെ മറ്റു ജീവജാലങ്ങളും ചത്തിട്ടുണ്ട്. കടുത്ത ജലക്ഷാമം അനുവപ്പെട്ടിരുന്ന പ്രദേശത്ത് പ്രാഥമികാവശ്യങ്ങള്‍ക്കും കൃഷിക്കും ഈ കുളത്തിലെ വെള്ളമാണ് നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇപ്പോഴുള്ള വെള്ളം വറ്റിച്ചെങ്കില്‍ മാത്രമേ കുളം വീണ്ടും ഉപയോഗിക്കാന്‍ കഴിയൂ. പാറക്കുളത്തിലെ മീനുകളെ വലയിട്ടു പിടിക്കാന്‍ ഇതിനു മുമ്പും ശ്രമം നടന്നിരുന്നതായും തങ്ങള്‍ അതിനെ തടസ്സപ്പെടുത്തിയിരുന്നതായും ഉടമകള്‍ പറയുന്നു. ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കുളത്തില്‍ തോട്ട പൊട്ടിച്ചിട്ടുണ്ട് എന്ന സംശയത്തെ തുടര്‍ന്ന് കേസ് ഇന്റലിജന്‍സിന് കൈമാറിയതായി അറിയുന്നു.