സകല ദോഷങ്ങളും ശമിപ്പിക്കുന്ന പ്രദോഷം: വ്രതം, ജപം, ആചാരം; അറിയേണ്ടതെല്ലാം…

Written by Web Desk1

Updated on:

സന്ധ്യാസമയം ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. മാസത്തിൽ രണ്ട് പ്രദോഷം വരുന്നു. കറുത്ത പക്ഷത്തിലേതും, വെളുത്തപക്ഷത്തിലേതും. വ്രതനിഷ്ഠകളോടെ മഹാദേവനെ ഉപാസിക്കുന്നവർ രണ്ടു പ്രദോഷവും നോക്കി വരുന്നു. ആദ്യം വരുന്ന കറുത്തപക്ഷ പ്രദോഷം ആണ് പ്രധാനം. അത് ശനിയാഴ്ച ദിവസമാണ് വരുന്നതെങ്കിൽ ( ശനി പ്രദോഷം) അത്യുത്തമം. എല്ലാവിധ ശുഭാരംഭങ്ങൾക്കും ഉത്തമമാണ് പ്രദോഷദിനം.

പ്രദോഷം

പൊതുവെ വാക്കിന്‍റെ അർത്ഥമനുസരിച്ച്, പ്രദോഷം എന്ന പ്രയോഗം” അസ്തമയ സന്ധ്യ” എന്ന് വിവർത്തനം ചെയ്യാം. പദങ്ങളെ പിരിക്കുമ്പോൾ,” പ്ര” എന്നാൽ ‘ഇല്ലാതെയാക്കുന്നത്’ എന്നർത്ഥം. “ദോഷ”എന്ന വാക്കിന് “രാത്രി “എന്നും.”ദോഷത്തെ ഇല്ലാതാക്കുന്നത്”എന്നും പ്രദോഷം എന്ന പദം കൊണ്ട് അർത്ഥം കൽപ്പിക്കാം.”രാത്രിയുടെ പ്രാരംഭം “അസ്തമയത്തിന് മുൻപ് മൂന്നേമുക്കാൽ നാഴിക വരെയുള്ള ഒരു യാമമാണ് പ്രദോഷം.

ഐതിഹ്യം

ശിവപുരാണമനുസരിച്ച് ജഗത്മാതാവായ പാർവ്വതീ ദേവിയെ സന്തോഷിപ്പിക്കാനായി രത്നപീഠത്തിലിരുത്തി, പരമശിവൻ ദേവിയുടെ മുൻപിൽ ആനന്ദ നൃത്തമാടിയത് പ്രദോഷ സന്ധ്യയിലാണ്. നന്ദികേശനും ദേവാദിദേവകളും, അപ്സരസ്സുകളും, യക്ഷകിന്നരന്മാരും, നാരദ മാമുനിയും ശിവ സന്നിധിയിൽ ഒത്തുകൂടി സന്ധ്യാസമയം അങ്ങനെ ശുഭ മുഹൂർത്തമായി എന്നു പറയപ്പെടുന്നു. എല്ലാ ദേവാദിദേവകളും സമ്മേളിക്കുന്ന പ്രദോഷദിവസത്തെ ഭജനവും, വ്രതവും ദേവ പ്രീതിക്ക് അത്യുത്തമമായി മാറിയത് അങ്ങനെയാണ്.

പ്രദോഷ വ്രതം

ആദ്ധ്യാത്മികക്ലേശം,ആദി ഭൗതിക ക്ലേശം, ആദി ദൈവിക ക്ലേശം എന്നീ ത്രിക്ലേശങ്ങളിൽ നിന്നുള്ള മോചനത്തിനാണ് പ്രദോഷ വ്രതം. വ്രതം അനുഷ്ഠിക്കുന്നവർ തലേ ദിവസം തന്നെ മത്സ്യമാംസാദികൾ ഉപേക്ഷിച്ച്, ഒരു നേരം മാത്രം അരിയാഹാരം ( ഒരിക്കൽ ) കഴിച്ച്, ഭസ്മം ധരിച്ച്, ഓം നമ: ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിച്ചു കഴിയുന്നു. പ്രദോഷ ദിവസം രാവിലെ, ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന്, ദേഹശുദ്ധി വരുത്തി, നിലവിളക്ക് കൊളുത്തി പഞ്ചാക്ഷരീ മന്ത്രവും, ശിവ നാമജപം, ഉമാ മഹേശ്വരസ്തോത്രം, ശിവപുരാണ പാരായണവുമായി പകൽ കഴിച്ചു കൂട്ടുന്നു. സാധ്യമെങ്കിൽ, ശിവഭഗവാന് പ്രിയങ്കരമായ കൂവളം നനയ്‌ക്കുന്നതും, കൂവള പ്രദക്ഷിണവും നല്ല ഫലങ്ങളെ നൽകും. കഠിനവ്രതം അനുഷ്ഠിക്കുന്നവർ തീർത്ഥം പോലും സേവിക്കാറുമില്ല. പിറ്റേ ദിവസം രാവിലെ കുളിച്ച്, ശുദ്ധമായ ശേഷം, തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. എന്നാൽ അന്നേ ദിവസം പ്രദോഷപൂജക്ക് ക്ഷേത്ര ദർശനം നടത്തുന്ന ശിവഭക്തർ, പ്രദോഷപൂജയിൽ പ്രധാനമായ അഭിഷേകം കണ്ട് തൊഴുത്, നേദിച്ച കരിക്കിൻ വെള്ളം സേവിച്ചും, നേദിച്ച പഴം കഴിച്ചും വ്രതം അവസാനിപ്പിക്കുന്ന പതിവും ഉണ്ട്.

സന്ധ്യക്ക് ശിവക്ഷേത്ര ദര്‍ശനം നടത്തി ഭഗവാന് നേദിക്കുന്ന കരിക്ക് പ്രസാദമായി സ്വീകരിച്ച് കഴിച്ച് ഉപവാസം അവസാനിപ്പിക്കുന്നതാണ് സാധാരണ രീതി.

വിധിപ്രകാരം അനുഷ്ഠിച്ചാൽ, സർവ്വ സൗഭാഗ്യങ്ങളുമേകി അനുഗ്രഹിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ കൈലാസശായി.വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ പ്രദോഷ ദിവസം ശിവ ക്ഷേത്ര ദർശനം നടത്തി, യഥാശക്തി വഴിപാടുകൾ നടത്തുന്നത് അഭികാമ്യം. മഹാദേവന് മൂന്ന് പ്രദക്ഷിണമാണ് ചെയ്യേണ്ടത്.

See also  അയോധ്യ രാമക്ഷേത്രം ഒരുങ്ങി

ആദ്യം തൊഴേണ്ടത് ഭഗവാന്‍റെ മുന്നിൽ പ്രതിഷ്ഠിച്ചിരിക്കുന്ന നന്ദികേശനെയാണ്. നന്ദി കേശന്‍റെ വലതു വശത്തു നിന്ന് നന്ദികേശനെ തൊഴണം. അതിനു ശേഷം മുന്നോട്ടു നടന്ന്, ശ്രീകോവിലിന്‍റെ വാതിലിന്റെ ഇടതു ഭാഗത്തു നിന്ന് മൂർത്തിയെ തൊഴാം. പഞ്ചാക്ഷരീ ജപത്തോടെ മൂന്ന് പ്രദഷിണം ചെയ്യാം. ഭഗവാന്‍റെ പുറകു വശത്തായി പാർവ്വതീ ദേവി കുടികൊള്ളുന്നു എന്ന് ക്ഷേത്ര സങ്കൽപ്പം. ഭഗവതിക്കുള്ള ‘പിൻ വിളക്ക്’ വഴിപാട് പ്രധാനമാണ്. ശിവക്ഷേത്രത്തിൽ പൂർണ്ണ പ്രദക്ഷിണം പാടില്ല. ശ്രീകോവിലിനു ചുറ്റും പ്രദക്ഷിണം ചെയ്യുമ്പോൾ, ഒരു കാരണവശാലും ഓവ് മുറിച്ചു കടക്കരുത്. പരമശിവൻ ദ്രവകന്യയെ ( ഗംഗാ ഭഗവതി ) ജടയിൽ സ്വീകരിച്ചിട്ട്, ഒരു വശത്തേക്ക് തിരിച്ചു കൊണ്ട്, ഓവിനെ ഗംഗാ നദിയായി സങ്കൽപ്പിക്കുന്നു എന്നാണ് പറയുന്നത്. ഈ കാരണത്താലാണ് ശിവക്ഷേത്രങ്ങളിൽ ഓവ് മറികടക്കരുത് എന്ന് പറയുന്നത്.

പ്രധാനമായും കുടുംബ സുഖം, ഭർതൃ ( ഭാര്യാ ) സൗഖ്യം, സന്താന സൗഭാഗ്യം, ജാതകദോഷങ്ങൾ, ആയുസ്സ് എന്നിവക്കു വേണ്ടി പ്രാർത്ഥിക്കുന്ന ഭക്തന്‍റെ ബ്രഹ്‌മഹത്യാപാപങ്ങൾ പോലും ഒഴിഞ്ഞു പോകും.
പന്ത്രണ്ട് മാസം തുടർച്ചയായി വ്രതം അനുഷ്ഠിച്ചാൽ സർവ്വൈശ്വര്യം ഫലം.

പ്രദോഷങ്ങൾ

പ്രദോഷങ്ങളെ,നിത്യപ്രദോഷം, പക്ഷപ്രദോഷം, മാസപ്രദോഷം, മഹാപ്രദോഷം, പ്രളയപ്രദോഷം എന്നിങ്ങനെ അഞ്ച് ആയി തിരിച്ചിരിക്കുന്നു.

  1. നിത്യപ്രദോഷം.
    ഇത് എല്ലാ ദിവസവുമുള്ള സമയമാണ്. വൈകുന്നേരം 5 45 മുതൽ 6 30 വരെയുള്ള പ്രദോഷങ്ങളെ നിത്യ പ്രദോഷം എന്നു പറയുന്നു.
  2. പക്ഷ പ്രദോഷം.
    ഓരോ മാസവും കറുത്തവാവ്‌ മുതൽ പതിമൂന്നാം ദിവസവും, വെളുത്തവാവ് മുതൽ പതിമൂന്നാം ദിവസവും വരുന്നത് ത്രയോദശി ആണ്. അന്നാണ് പക്ഷ പ്രദോഷദിനം
  3. 3.മാസ പ്രദോഷം.
  4. ശുക്ലപക്ഷത്തിൽ വരുന്നത് മാസ പ്രദോഷമായി ആചരിക്കുന്നു.
  5. മഹാ പ്രദോഷം.
    മഹാദേവൻ കാളകൂട വിഷംപാനം ചെയ്തത് ഒരു ശനിയാഴ്‌ച്ചയാണെന്ന് പറയപ്പെടുന്നു. ത്രയോദശി ചേർന്നു വരുന്ന ആ പുണ്യദിനമാണ് മഹാ പ്രദോഷം.
  6. പ്രളയ പ്രദോഷം.
    ശനിയാഴ്ചകളിൽ വരുന്ന മഹാ പ്രദോഷ ദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തിയാൽ, അഞ്ച് വർഷം ശിവ ക്ഷേത്രത്തിൽ പോയ ഫലം ഉണ്ടാകുന്നുവെന്ന് വിശ്വാസം. അടുപ്പിച്ച് രണ്ട് ശനി പ്രദോഷങ്ങൾ അനുഷ്ഠിച്ചാൽ അർദ്ധനാരീശ്വരീ പ്രദോഷം എന്നു പറയുന്നു. അർദ്ധനാരീശ്വര രായുള്ള മഹാദേവന്റേയും, ദേവിയുടേയും അനുഗ്രഹങ്ങൾക്ക് പാത്രീഭൂതരായിത്തീരുന്നു.

ദോഷത്തെ ഇല്ലാതാക്കുന്ന പ്രദോഷ സമയം എല്ലാ ഭവനങ്ങളിലും സന്ധ്യാ ദീപം കൊളുത്തി, വീട്ടിൽ ഒത്തൊരുമിക്കാൻ കഴിയുന്ന അംഗങ്ങൾ ഒരുമിച്ചിരുന്ന്, ഉച്ചത്തിൽ തന്നെ നാമം ജപിക്കുക. ജീവസ്സുറ്റ ഭവനവും, പ്രസരിപ്പുള്ള മനുഷ്യരും, എന്തിനേറെ പരിസരത്തുള്ള പക്ഷിമൃഗാദികൾ, വൃക്ഷലതാദികൾ എന്നിവക്ക് പോലും അതിന്റെ സദ്ഫലം സിദ്ധിക്കുന്നു.

“ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം.”

“ഓം ഉമാ മഹേശ്വരായ നമ:”

“ഓം നമഃശിവായ”

മഹാ മൃത്യുഞ്ജയ മന്ത്രം

See also  തീക്കനലിലൂടെ നടക്കുന്നതിനിടെ വീണു; ഏഴുവയസുകാരന് ഗുരുതരമായി പൊള്ളലേറ്റു

“ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർദ്ധനം |
ഉർവ്വാരുകമിവ ബന്ധനാത്-മൃത്യോർമുക്ഷീയ മാമൃതാത് ||

എന്നിവ പ്രദോഷ ദിവസങ്ങളിൽ ജപിക്കാവുന്നതാണ്.

Leave a Comment