വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് ഉണ്ടോ? ഇല്ലെങ്കില്‍ പണി കിട്ടും

Written by Web Desk1

Published on:

വധൂവരന്മാർ വിവാഹ ചടങ്ങുകളിൽ കൈമാറ്റം ചെയ്യുന്ന സമ്മാനങ്ങളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് വിവാഹത്തെ തുടർന്നുള്ള തർക്കങ്ങളിൽ സ്ത്രീധനത്തെ സംബന്ധിച്ച തെറ്റായ ആരോപണങ്ങൾ തടയാന്‍ സഹായിക്കുമെന്ന് കോടതി പറഞ്ഞു.

വിവാഹത്തിന് ശേഷമുള്ള സ്ത്രീധന ഇടപാടുകൾ മൂലമുണ്ടാകുന്ന തര്‍ക്കങ്ങളില്‍ നിന്ന് ഇരു കക്ഷികളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതരാക്കാന്‍ ഈ ലിസ്റ്റ് സഹായിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, സ്ത്രീധന നിരോധന നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനും സാധിക്കുമെന്നും കോടതി എടുത്തുപറഞ്ഞു.

സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷൻ 3 പ്രകാരം സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും, കുറഞ്ഞത് അഞ്ച് വർഷം തടവും 50,000 രൂപ മുതൽ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നിരുന്നാലും, സെക്ഷൻ 3-ലെ ഉപവിഭാഗം (2) പ്രകാരം വിവാഹ ചടങ്ങുകളിൽ വധുവിനോ വരനോ സമ്മാനിക്കുന്ന സമ്മാനങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പക്ഷെ, ഈ ഇളവ് പ്രയോജനപ്പെടുത്തുന്നതിന്, വധൂവരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

വിവാഹസമയത്ത് സമ്മാനങ്ങൾ കൈമാറുന്ന ഇന്ത്യൻ പാരമ്പര്യം ഉയർത്തിപ്പിടിക്കുകയും, അതേസമയം വിവാഹ ശേഷം സ്ത്രീധനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുകയുമാണ് കേന്ദ്ര സർക്കാരിൻ്റെ ഈ നിയമങ്ങൾ ലക്ഷ്യമിടുന്നത്.

See also  മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൾ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ …

Leave a Comment