പണം വരുന്നത് കയ്യിൽ നിൽക്കുന്നില്ല എന്നതാണ് പലരുടെയും പരാതി. അങ്ങനെയുള്ളവർ അവരുടെ വീടുകളിലെ ചെറിയ ചെറിയ കാര്യങ്ങൾ ശരിയാക്കിയാൽ തന്നെ പലകാര്യങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ജ്യോതിഷവും വാസ്തു ശാസ്ത്രവുമൊക്കെ നോക്കി നിർമിച്ച വീടുകളിലും അനാവശ്യ ചെലവുകളൊക്കെ അധികമായി വരുമ്പോൾ അതിന്റെ കാരണം മനസ്സിലാക്കാതെ പലരും വിഷമിക്കാറുണ്ട്.
വൈദ്യുതിയുമായി ബന്ധപ്പെട്ട വീട്ടുപകരണങ്ങൾ പലതും കേടായാൽ അത് നന്നാക്കാതെ പല വീടുകളുടെയും മൂലയ്ക്കിരിക്കും. ചിലപ്പോൾ അതൊരു സ്വിച്ച് ആകാം അല്ലെങ്കിൽ അയൺ ബോക്സാകാം. മിക്സിയും ഗ്രൈൻഡറുമൊക്കെ ഇത്തരത്തിൽ പല വീടുകളിലും കേടായി ഇരിക്കുന്നുണ്ടാകും. അതൊന്ന് ശരിയാക്കി നോക്കിയാൽ ഉടൻതന്നെ മാറ്റം നിങ്ങൾക്ക് മനസ്സിലാകും. കതകിന്റെ കുറ്റിയും കൊളുത്തും അലമാരയുടെ താഴുമൊക്കെ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിലും പണ ചെലവ് നിയന്ത്രിക്കാൻ സാധിക്കാതെ വരും.
ടാപ്പിൽ നിന്നും വെള്ളം ഇറ്റിറ്റായി വീഴുന്നുണ്ടെങ്കിൽ പണം പൊയ്ക്കൊണ്ടേയിരിക്കും. വീട്ടിൽ നിന്ന് പുറത്തേക്ക് പോകുന്ന വെള്ളം തെക്കോട്ടാണ് ഒഴുകുന്നതെങ്കിലും അനാവശ്യ ചെലവുകൾ വന്നുചേരുന്നതായി കാണാം. അത് വടക്കോട്ട് ഒഴുകാനുള്ള വഴി ഉണ്ടാക്കിയാൽ അതിന് പരിഹാരമായി. പ്രവർത്തിക്കാത്ത ടോർച്ചും അതിന്റെ ചില്ലുകളുമൊക്കെ കൃത്യസമയത്ത് മാറ്റി ശരിയാക്കേണ്ടതാണ്. ഇതൊക്കെ പണം ചോരുന്ന വഴികളായി കണക്കാക്കാം.