പാചകത്തിനുള്ള സാധനങ്ങളും പാത്രങ്ങളും ഉൾപ്പെടെ ധാരാളം വസ്‌തുക്കൾ നമ്മൾ അടുക്കളയിൽ സൂക്ഷിക്കാറുണ്ട്. സ്ഥല പരിമിതി യും ഉപയോഗിക്കാനുള്ള സൗകര്യവും കണക്കിലെടുത്താവും ഇവ വയ്‌ക്കാറുള്ളത്. എന്നാൽ, ഈ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദിശ ശരിയല്ലെങ്കിൽ പല തരത്തിലുള്ള ദോഷങ്ങളും കുടുംബത്തെ തേടിയെത്തുമെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്. അടുക്കളയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലാണ് നിങ്ങൾക്ക് ഗുണം ലഭിക്കുക എന്ന് നോക്കാം.
വാസ്‌തുശാസ്ത്ര പ്രകാരം നിങ്ങളുടെ വീട്ടിൽ അടുക്കളയിലേക്കുള്ള വാതിൽ കിഴക്ക്, വടക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് ആയിരിക്കണം. ഒരു കാരണവശാലും കറുപ്പ് നിറത്തിലുള്ള പെയിന്റ് അടുക്കളയ്‌ക്ക് കൊടുക്കരുത്. പകരം പച്ച, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങൾ നൽകാവുന്നതാണ്. വാസ്‌തുശാസ്ത്രപ്രകാരം ഇത് കുടുംബത്തിന് ഗുണം ചെയ്യും.
വടക്ക് – കിഴക്ക് ദിശയിൽ വേണം സിങ്കും പൈപ്പും വയ്‌ക്കാൻ. സിങ്ക് ഒരിക്കലും സ്റ്റൗവിന് സമീപം വയ്‌ക്കരുത്. ജലവും അഗ്നിയും വിപരീത ഘടകമായതിനാലാണ് ഇങ്ങനെ ചെയ്യരുതെന്ന് പറയുന്നത്. അതുപോലെ തെക്ക് – കിഴക്ക് ദിശയിലായി വേണം മൈക്രോ വേവ് ഓവൻ, ഗ്രൈൻഡർ, മിക്‌സി പോലുള്ള സാധനങ്ങൾ വയ്‌ക്കാൻ.അടുപ്പ് എപ്പോഴും കിഴക്ക് ഭാഗത്തേക്ക് വേണം വയ്‌ക്കാൻ.
അടുപ്പിൽ പാചകം ചെയ്യുന്ന വ്യക്തി കിഴക്ക് ഭാഗത്തേക്ക് വേണം നോക്കാൻ. ഈ ഭാഗത്തേക്കാണ് അഗ്നിയുടെ ദിശ. അതിനാൽ ഈ ഭാഗത്ത് തന്നെ അടുക്കള നിർമിക്കാൻ ശ്രമിക്കുക. മാത്രമല്ല, അരി, ഗോതമ്പ് പോലുള്ള ധാന്യങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ അത് തെക്ക് വശത്തേക്കോ പടിഞ്ഞാറ് വശത്തായോ വേണം വയ്‌ക്കാൻ. മാത്രമല്ല, ഇവ ഒരിക്കലും വടക്ക്, കിഴക്ക് ഭാഗങ്ങളിൽ വയ്‌ക്കാൻ പാടില്ല.