വേസ്റ്റ് ഇല്ലാത്ത വീട് ഒരിടത്തും ഉണ്ടാവില്ല. അത് സാദ്ധ്യവുമല്ല. അതിനാൽതന്നെ ഓരോദിവസവും ഉണ്ടാകുന്ന വേസ്റ്റുകൾ എങ്ങനെ നശിപ്പിക്കുന്നു എന്നതിലാണ് കാര്യം. ഒരിക്കലും അലക്ഷ്യമായി അവ വലിച്ചെറിയാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. മാത്രമല്ല ശരിയായ രീതിയിൽ അവയെ നശിപ്പിക്കുകയും വേണം. ഇങ്ങനെ ചെയ്യുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ചില ദിക്കുകളാണ്. പുരയിടത്തിലെ ചില ദിക്കുകളിൽ ഒരിക്കലും തുണി, കരിയിലകൾ എന്നിവ ഉൾപ്പെടുന്ന മാലിന്യങ്ങൾ ഇട്ട് കത്തിക്കരുതെന്നും ചില ദിക്കുകളിലേക്ക് ഭക്ഷണാവശിഷ്ടങ്ങളുടെ പൊടിപോലും വീഴരുതെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്.
വേസ്റ്റുകൾ കത്തിക്കാനും മാലിന്യങ്ങൾ മൂടാനും ഏറ്റവും യോജിച്ചത് തെക്ക്- കിഴക്കേ മൂലയാണ്. ഇവിടെ ഒരു കുഴികുത്തുകയോ ടാങ്ക് കെട്ടുകയോ ചെയ്തശേഷം അതിലിട്ടുവേണം കത്തിക്കേണ്ടത്. ഈ ദിക്കിലല്ലാതെ മറ്റൊരിടത്തും മാലിന്യങ്ങൾ കത്തിക്കാൻ പാടില്ല. വീടിന്റെ കിഴക്ക്- വടക്ക് മൂല ഈശ്വരാധീനം കൂടിയ ദിക്കാണ്. അതിനാൽ അടുക്കള മാലിന്യമെന്നല്ല ഭക്ഷണാവശിഷ്ടങ്ങൾ പോലും ഇവിടേക്ക് വീടാൻ ഇടവരുത്തരുത്. ഇവിടെ മാലിന്യം വീഴുന്നത് കുടുംബത്തിനാകെ ദോഷകരമായിരിക്കും.
എവിടെയെങ്കിലും പോയി വന്നശേഷം മുഷിഞ്ഞ വസ്ത്രങ്ങൾ കിടപ്പ് മുറിയിൽ ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് ഊർജം ഉണ്ടാക്കുകയും കുടുംബത്തെ മൊത്തത്തിൽ ബാധിക്കുകയും ചെയ്യും. അത്തരം വസ്ത്രങ്ങൾ വീടിന്റെ മറ്റേതെങ്കിലും മുറിയിൽ ഇടുകയോ ഉടൻതന്നെ കഴുകി വൃത്തിയാക്കുകയോ വേണം. അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങളും വൃത്തിയായി കഴുകിയശേഷം വെയിലത്തുണക്കി വയ്ക്കാൻ ശ്രദ്ധിക്കണം. ഓപ്പൺ സ്ലാബുകളോ വാതിലുകൾ ഇല്ലാത്ത അലമാരകളോ വീടിനുള്ളിൽ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശദ്ധിക്കുക.