കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാപിഴവെന്നു പരാതി. കയ്യില്‍ ചെയ്യേണ്ട ശസ്ത്രക്രീയ നാവിലാണ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്.
കയ്യിലെ ആറാം വിരല്‍ നിക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്താനായിരുന്നു നാല് വയസ്സുകാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രീയ കഴിഞ്ഞ് എത്തിയ കുട്ടിയുടെ കയ്യില്‍ നോക്കിയപ്പോഴാണ് ശസ്ത്രക്രീയ ചെയ്തിട്ടില്ലെന്ന് മാതാപിതാക്കള്‍ മനസിലാക്കിയത്. ആറാം വിരല്‍ നിക്കം ചെയ്യുന്നതിന് പകരം നാവിലാണ് ശസ്ത്രക്രീയ നടത്തിയതെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
എങ്ങനെയാണ് ഇത്ര ഗുരുതരമായ ഒരു ചികിത്സാ പിഴവ് ഉണ്ടായതെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തമായ ഒരുത്തരം ലഭിച്ചിട്ടില്ല. കുട്ടിയുടെ നാവിനും ശസ്ത്രക്രീയ ആവശ്യമായിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരണം. എങ്കിലും മാതാപിതാക്കള്‍ ആവശ്യപ്പെടാതെ എന്തിന് നാവിന്റെ ശസ്ത്രക്രീയ ചെയ്തു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്സാപ്പിഴവ് ഉണ്ടാകുന്നത് ഇതാദ്യമായല്ല. ശസ്ത്രക്രീയക്കിടയില്‍ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംഭവം.