കെ.ആര്‍.അജിത
പെരുമ്പിലാവ്: അധ്വാനത്തിന്റെ മഹത്വമെന്താണെന്ന് 95-ാം വയസ്സിലും തെളിയിക്കുകയാണ് തൃശ്ശൂര്‍ സ്വദേശിനിയായ കത്രീന അമ്മൂമ്മ. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ഇന്നും മുടങ്ങാതെ പോകുന്ന പൂങ്കന്നം സ്വദേശിനി കത്രീനയമ്മൂമ്മ അന്‍സാര്‍ സ്‌ക്കൂളിന്റെ മെയിന്‍ ഗേറ്റ് ഫില്ലറും അനുബന്ധ റോഡിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്കുമായി എത്തിയത് അന്‍സാര്‍ കാമ്പസില്‍ കൗതുകമായി. ഒറ്റപ്പിലാവ് സ്വദേശിയും ഹെബ ഹോളോബ്രിക്‌സ് ഉടമയും കോണ്‍ട്രാക്ടറു മായ കുഞ്ഞിപ്പാലുവിന്റെ കരാര്‍ ജോലിക്കായാണ് കത്രിന പത്തോളം തൊഴിലാളികള്‍ക്കൊപ്പം സ്‌കൂളില്‍ എത്തിയത്.
അമ്പത്തിയഞ്ച് വര്‍ഷമായി കത്രീന കെട്ടിട നിര്‍മ്മാണ ജോലികള്‍ എടുക്കുന്നു നാലുമക്കളില്‍ ഒരാള്‍ മരിച്ചെങ്കിലും മക്കള്‍ ഒന്നടങ്കം അമ്മ ജോലിക്കു പോകണ്ടാ എന്നു പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. ജോലിക്ക് ഒരു ദിവസം പോകാതിരുന്നാലാണ് ക്ഷീണമെന്നാണ് കത്രീനയമ്മൂമ്മയുടെ അഭിപ്രായം. ഇതോടെ മക്കള്‍ അമ്മയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. ദിവസവും വെളുപ്പിന് വാര്‍ക്ക പണികള്‍ക്കായി പോകും. കോണ്‍ക്രീറ്റ് മിക്‌സിങ്ങാണ് പണി . ഭര്‍ത്താവ് ബേബി 27 വര്‍ഷം മുന്‍പ് മരിച്ചു. മക്കളെ വളര്‍ത്താനാണ് ജോലിക്ക് പോയി തുടങ്ങിയത്.പിന്നെ അത് നിര്‍ത്താതെ തുടര്‍ന്നു പോരുന്നു.
ഇപ്പോള്‍ 55 വര്‍ഷം പിന്നിട്ടിരിക്കുന്നു. മുന്‍മുഖ്യമന്ത്രി കരുണാകരന്‍, സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി, തുടങ്ങിയവരില്‍ നിന്നും ആദരവുകള്‍ ഏറ്റു വാങ്ങിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ കത്രീന അമ്മൂമ ഇപ്പോള്‍ വൈറലാണ്. മക്കളില്‍ മൂത്ത മകന് 60 വയസ്സായി. അവര്‍ക്കില്ലാത്തത്ര ആരോഗ്യം കത്രീനക്കുണ്ട്. ജോലിക്കിടയില്‍ കനത്ത ചൂടും കനത്ത മഴയും കത്രീനയ്ക്ക് പ്രശ്‌നമല്ലത്രേ . മരണം വരെ ജോലിക്ക് പോകണമെന്നാണ് കത്രീനയുടെ ആഗ്രഹം. സ്വയംഅധ്വാനിച്ചുണ്ടാക്കുന്ന തുക കൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയുണ്ട് ഇപ്പോഴും ഈ തൊണ്ണൂറ്റിയഞ്ചുകാരിക്ക്.