അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, സമ്മര്‍ദ്ദം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ സ്വാധീനിക്കുന്നു. സമീകൃതാഹാരം മുതല്‍ ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍ വരെ, നിരവധി ലളിതമായ മാറ്റങ്ങളിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. എന്നാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് എന്താണ് കഴിക്കേണ്ടതെന്ന് പലര്‍ക്കും കൃത്യമായി അറിയില്ല.
പച്ചക്കറികള്‍ വളരെ പോഷകഗുണമുള്ളതും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ അവ ചേര്‍ക്കേണ്ടത് അത്യാവശ്യവുമാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ബീറ്റ്‌റൂട്ട്
പഠനങ്ങള്‍ പറയുന്നത് ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുകയോ സലാഡുകളിലോ സൂപ്പുകളിലോ കറികളിലോ ചേര്‍ക്കുകയോ ചെയ്യുന്നത് നല്ലതാണ്.
ഇലക്കറികള്‍
ഇലക്കറികള്‍ വളരെ പോഷകഗുണമുള്ളവയാണ്. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
വെളുത്തുള്ളി
വെളുത്തുള്ളിയില്‍ ആന്റിഫംഗല്‍, ആന്റിബയോട്ടിക് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
ബ്രോക്കോളി
ബ്രോക്കോളി ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ഉയര്‍ന്ന ബിപി നിയന്ത്രിക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ്. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.
ഉരുളക്കിഴങ്ങ്
രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങ്.
കാരറ്റ്
കാരറ്റ് നിങ്ങളുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിയന്ത്രിത രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെ ഒന്നിലധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കാന്‍ കഴിയുന്ന നിരവധി സസ്യ അധിഷ്ഠിത സംയുക്തങ്ങള്‍ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്.
ഭക്ഷണക്രമം മാത്രം നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കില്ല. ശാരീരികമായി സജീവമായിരിക്കുക. വ്യായാമം ചെയ്യുക. ഉപ്പ് കഴിക്കുന്നത് കുറയ്ക്കുക, കഫീന്‍ കുറയ്ക്കുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നിവയും അത്യാവശ്യമാണ്.