ന്യൂയോർക്ക് (Newyork) : അമേരിക്ക (America) യിലെ അലബാമ ഹൈവേയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന ഒരു കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ടു കാഴ്ചക്കാർ ഞെട്ടി.കാറിന്റെ പിൻഭാഗത്തായി ഡിക്കിക്കു താഴെ ഒരു പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നു. കാറിൽനിന്നു ചാടാൻ പാമ്പ് ഇടയ്ക്കു ശ്രമം നടത്തിയെങ്കിലും അപകടം മണത്തു സ്വയം പിൻവാങ്ങി.
തൊട്ടുപിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ സിഗ്നൽ നൽകിയപ്പോഴാണു കാർ ഡ്രൈവർ തനിക്കൊപ്പം ഒരു “ഭീകരൻ’’ കൂടി യാത്രചെയ്യുന്ന വിവരമറിയുന്നത്. ഉടൻതന്നെ കാർ നിർത്തി പാമ്പിനെ ഇറക്കിവിട്ടു. ഇതിന്റെ വീഡിയോ മറ്റൊരു യാത്രക്കാരൻ പകർത്തി എക്സിൽ ഇട്ടതോടെ പാമ്പുസവാരി വൈറലായി.
അനവധി ഉരഗവിഭാഗങ്ങളുള്ള പ്രദേശമാണ് അലബാമയിലെ വനമേഖല. അത്യപൂർവമായ ഈസ്റ്റേൺ ഇൻഡിഗോ പാമ്പിനെ അടുത്തനാളിൽ ഇവിടെ കണ്ടെത്തിയിരുന്നു.