ഇപി വിവാദം തിരിച്ചടിയായത് ബിജെപിക്ക്; ശോഭസുരേന്ദ്രനെതിരെ പ്രകാശ് ജാവേദ്ക്കര്‍

Written by Taniniram

Published on:

തിരുവനന്തപുരം: ഇപി ജയരാജനും ദല്ലാളുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശോഭാ സുരേന്ദ്രനെതിരായ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ച് പ്രഭാരി പ്രകാശ് ജാവദേക്കര്‍. ദല്ലാള്‍ നന്ദകുമാറിനേയും ചേര്‍ത്തുള്ള ഇപി ജയരാജന്റെ പാര്‍ട്ടി പ്രവേശന വിവാദം നിരന്തരം ചര്‍ച്ചയാക്കിയത് വ്യക്തിപരമായി തന്നേയും പ്രതിസന്ധിയിലാക്കിയെന്നാണ് ജാവദേക്കറിന്റെ നിലപാട്. ഭാവിയില്‍ ആരുമായും ആശയ വിനിമയം നടത്താന്‍ കഴിയാത്ത സാഹചര്യം ഈ വിവാദമുണ്ടാക്കി. പാര്‍ട്ടി രഹസ്യങ്ങള്‍ വിളിച്ചു പറയുന്നതിലെ ജാഗ്രത കുറവും ജാവദേക്കര്‍ ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പാര്‍ട്ടിക്കെതിരെ ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന സന്ദേശമാണ് ദേശീയ നേതാവ് നല്‍കുന്നത്.

ഇപി ജയരാജന്‍ വിവാദം കേരളത്തില്‍ ബിജെപിയുടെ സാധ്യതകളെ പോലും ബാധിച്ചിട്ടുണ്ടെന്നും ബിജെപിക്കുള്ളില്‍ വിലയിരുത്തലുണ്ടായി. നന്ദകുമാറിന്റെ ആദ്യ ആരോപണത്തോട് ശോഭ നന്നായി പ്രതികരിച്ചു. എന്നാല്‍ വീണ്ടും വീണ്ടും പത്രസമ്മേളനങ്ങള്‍ നടത്തി ദല്ലാളിനെ താരമാക്കി. ഉദ്ദേശിച്ച രാഷ്ട്രീയ ഫലം ഇതിലൂടെ ഉണ്ടായിട്ടില്ലെന്നാണ് ശോഭയെ എതിര്‍ക്കുന്നവരുടെ നിലപാട്. ജയരാജനെ സിപിഎം കുറ്റവിമുക്കനാക്കി. ഇതോടെ ജയരാജനും നേട്ടമുണ്ടായി. എന്നാല്‍ ഇനിയാരോടും ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥ. ആരും ബിജെപിയുമായി വിശ്വാസത്തില്‍ ചര്‍ച്ചയ്ക്ക് പോലും വരാത്ത സാഹചര്യമാണ് വിവാദമുണ്ടാക്കിയതെന്നും ബിജെപി നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

അതിനിടെ ബിജെപിക്കുള്ളില്‍ വീണ്ടും വിഭാഗീയത രൂക്ഷമാകുകയാണ്. സംസ്ഥാനത്തെ ബിജെപിയുടെ സുപ്രധാനമായ കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷ നേതാക്കള്‍ നല്‍കിയത് ഈ സന്ദേശമാണ്. തിരുവനന്തപുരം ഫോര്‍ട്ട് മാന്വര്‍ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ എത്തിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ട പിന്തുണ കിട്ടിയില്ലെന്ന അതൃപ്തി കൃഷ്ണദാസ് പക്ഷത്തിനുണ്ട്. മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രധാനപ്പെട്ട നേതാവായ സി.കെ പത്മനാഭനും യോഗത്തില്‍ ഇല്ല. പത്മജാ വേണുഗോപാലിന് താന്‍ പങ്കെടുത്ത പരിപാടിയില്‍ കിട്ടിയ പരിഗണനയില്‍ പ്രതികരിച്ച നേതാവായിരുന്നു സികെപി.

ശോഭയും പരാതികളുമായി യോഗത്തില്‍ സജീമായി. തനിക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ച പി. രഘുനാഥിനെതിരെ നടപടി വേണമെന്ന നിലപാടാണ് ശോഭാ സുരേന്ദ്രനുള്ളത്. പരസ്യ വിമര്‍ശനത്തേയും, തനിക്കെതിരായ ദല്ലാളിന്റെ വ്യക്തിഹത്യയേയും ഔദ്യോഗിക പക്ഷം പ്രതിരോധിച്ചില്ലെന്നതാണ് ശോഭയുടെ പരാതി. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കറിനെതിരെയും ശോഭ സുരേന്ദ്രനെയും പരോക്ഷമായി വിമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്തയായിരുന്നു. ബിജെപിയിലേക്ക് ആളുകളെ കൊണ്ടുവരുന്നത് ദല്ലാളുമാര്‍ വഴിയല്ലെന്ന മുനവെച്ചുള്ള പരാമര്‍ശമാണ് പി. രഘുനാഥിന്റെ ഭാഗത്തുനിന്നുണ്ടായത്.

തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാനാകുമെന്ന ബൂത്ത് തല റിപ്പോര്‍ട്ടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 20 ശതമാനം വോട്ടും രണ്ട് സീറ്റുമാണ് കേരളത്തില്‍ ബിജെപി പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരവും തൃശൂരുമാണ് കേരളത്തില്‍ ബിജെപിയുടെ വിജയമുറപ്പുള്ള സീറ്റുകളെന്നാണ് സംസ്ഥാന കമ്മിറ്റിക്ക് ജില്ലാ ഘടകങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ കൃഷ്ണദാസ് പക്ഷം അംഗീകരിക്കുന്നില്ലെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് അവര്‍ ബഹിഷ്‌കരണം നടത്തുന്നതും.

See also  ഗവര്‍ണറുടെ നിര്‍ദേശം നിയമ വിരുദ്ധം; പ്രമേയം പാസാക്കി സെനറ്റ് യോഗം

Related News

Related News

Leave a Comment