തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവറും-മേയറും തമ്മിലുളള തര്‍ക്കം വഴിത്തിരിവില്‍. ഡ്രൈവര്‍ യദു നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്ന കന്റോണ്‍മെന്റ് പോലീസിന് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി തിരിച്ചടിയായിരിക്കുകയാണ്.
കോടതി നിര്‍ദ്ദേശം വന്നതോടെ പോലീസ് മേയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തു. എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങള്‍ നിരത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി. എഫ്‌ഐആറിന്റെ കോപ്പി തനിനിറത്തിന് ലഭിച്ചു. കേസില്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ ഒന്നാം പ്രതിയും സച്ചിന്‍ദേവ് എംഎല്‍എ രണ്ടാം പ്രതിയുമാണ്.
സച്ചിന്‍ദേവ് എംഎല്‍എ ബസില്‍ അതിക്രമിച്ച് കയറിയതായും ഡ്രൈവര്‍ക്കെതിരെ അസഭ്യവാക്കുകള്‍ പറഞ്ഞതായും എഫ്‌ഐആറിലുണ്ട്. പോലീസ് എഫ്‌ഐആര്‍ അനുസരിച്ച് കേസിലെ നിര്‍ണായക തെളിവായ മെമ്മറികാര്‍ഡ് കാണാതായ സംഭവത്തിലും മേയറും എംഎല്‍എയ്ക്കുമെതിരെ ഗുരുതര ആരോപണമുണ്ട്. ഇരുവരും സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചെന്നും ആരോപിക്കുന്നു. ഈ എഫ്‌ഐആര്‍ അനുസരിച്ച് പോലീസിന്റെ അന്വേഷണവും സിപിഎമ്മിന്റെ പ്രതിരോധവും വരും നാളുകളില്‍ വന്‍ചര്‍ച്ചയാവും.