മാസപ്പടിക്കേസില്‍ മാത്യുകുഴല്‍നാടന്‍ എംഎല്‍എയ്ക്ക് കോടതിയില്‍ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാത്യുകുഴല്‍നാടന്‍ നല്‍കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നാണ് കോടതി കണ്ടെത്തല്‍. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം കോടതി അംഗീകരിച്ചില്ല. സിഎംആര്‍എല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണല്‍ ഖനനത്തിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു.ചില രേഖകള്‍ കുഴല്‍നാടന്റെ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും വാദിച്ചു. ഇപ്പോള്‍ ദുബായിലുളള മുഖ്യമന്ത്രിക്കും മകള്‍ക്കും കോടതി വിധി ആശ്വാസമാണ്. മാസപ്പടിക്കേസില്‍ SFIO അടക്കും മൂന്ന് കേന്ദ്രഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കോടതി വിധി വന്നതിന് പിന്നാലെ എ.കെ.ബാലനും, എം.വി.ജയരാജനും കുഴല്‍നാടനെതിരെ രൂക്ഷമായ ഭാക്ഷയില്‍ വിമര്‍ശിച്ചു.