ലോക പത്രസ്വാതന്ത്ര്യദിനം; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുളള പോരാട്ടം

Written by Taniniram

Published on:

ഇന്ന് മെയ് 3 ലോകപത്രസ്വാതന്ത്ര്യദിനം. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുളള ദിനം.1991ല്‍ യുനെസ്‌കോയുടെ ഇരുപത്തിയാറാം സമ്മേളനമാണ് മാധ്യമ സ്വാതന്ത്ര്യദിനം സംബന്ധിച്ച പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്തത്. ആഗോള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് 2024 ലെ ലോകപത്രസ്വാതന്ത്ര്യദിനത്തിന്റെ സന്ദേശം.

ആഗോളതലത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. മാധ്യമപ്രവര്‍ത്തകരെ തടങ്കലില്‍ വയ്ക്കല്‍, സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളെ അടിച്ചമര്‍ത്തല്‍, തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങള്‍ ഭരണകൂടങ്ങളില്‍ നിന്നും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം 2023 ല്‍ 120 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മനുഷ്യത്വത്തിന്റെ നേരെയുളള അധികാരത്തിന്റെ കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്ത നിരവധി വനിതാമാധ്യമപ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞവര്‍ഷം ജീവന്‍ നഷ്ടമായത്. അഫ്ഗാന്‍ ടെലിവിഷന്‍ ചാനലായ അരിയാന ന്യൂസ് ടിവിയുടെ 23 കാരിയായ റിപ്പോര്‍ട്ടര്‍ മിയാന ഖയറി എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ജീവന്‍ നഷ്ടമായത് താലിബാന്‍ ഭീകരതയ്ക്ക് മുന്നില്‍ മുട്ടുമടക്കാതെ വാര്‍ത്ത ചെയ്ത കുറ്റത്തിനാണ്.

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്യത്തിന്റെ ഇന്‍ഡെക്‌സ് 161 ആണ്. വലിയമാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ കയ്യടക്കിയതും മാധ്യമപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്നതും പതിവായിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകം ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ തീരാകളങ്കമാണ്. ഇന്റര്‍നെറ്റ് നിയന്ത്രണം പലഭാഗത്തും ഏര്‍പ്പെടുത്തുന്നതും മാധ്യമസ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റമായി കാണാം.

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയവാക്കുകള്‍ പ്രസംഗിക്കുന്ന കേരളത്തില്‍ ഈയടുത്തകാലത്തായി വന്‍മാധ്യമ വേട്ടയാണ് നടക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഇപ്പോഴും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് കടക്കൂ പുറത്ത് സമീപനമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ നിരവധി കളളക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി. വാര്‍ത്തചെയ്തതിന്റെ പേരില്‍ വനിതാമാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ നിരവധി കളളക്കേസില്‍ കുടുക്കി. സോഷ്യല്‍ മീഡിയില്‍ തോജോവധം ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസാധാരണമാണ്.

ഓണ്‍ലൈന്‍ മാധ്യമങ്ങളെയും അധികാരമുപയോഗിച്ച് നേരിടുന്നരീതിയും ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ ചെയ്ത വാര്‍ത്തകള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ നിയമനടപടി സ്വീകരിക്കുന്നതിന് പകരം. സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളെല്ലാം പിടിച്ചെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുകയാണ് ഒരോ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും.

See also  തൃശ്ശൂരിൽ നിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടതാണ്..നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിൽ കയറ്റിവിട്ടു..രൂക്ഷ വിമർശനവുമായി കെ മുരളീധരൻ

Related News

Related News

Leave a Comment