കോട്ടയം : പണം തട്ടാന്‍ പേരു കേട്ട കുടുംബക്കാരെ പോലെയാണ് കോണ്‍ഗ്രസ്. കൈയിട്ട് വാരാന്‍ കേമന്മാര്‍. പണ്ടൊരു നേതാവ് പറഞ്ഞത് പോലെ കൂടെ കിടന്നുറങ്ങിയാല്‍ അടിവസ്ത്രവും ഊരിയെടുത്തു കൊണ്ടുപോകും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, സ്ഥാനാര്‍ത്ഥികളുടെ പണം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഉന്നതര്‍ അടിച്ചു കൊണ്ടുപോയ കഥയാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് പണം കിട്ടിയില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഈ മാസം നാലിന് ചേരുന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഫണ്ട് തട്ടിപ്പ് വിഷയം പൊന്തിവരും.
മുന്‍ കാലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് കെ.പി.സി.സിയുടെ വകയായി തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കുമായിരുന്നു. ഇത്തവണ ഒരു രൂപ നല്‍കിയില്ലെന്നാണ് ആക്ഷേപം. ഈ മാസം നാലിന് ചേരുന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ട് വിഷയം ഉന്നയിക്കാനാണ് സ്ഥാനാര്‍ത്ഥികളുടെയും
ഒരു വിഭാഗം കെ.പി.സി.സി. ഭാരവാഹികളുടെയും
തീരുമാനം.തെരഞ്ഞെടുപ്പിനുള്ള ഫണ്ട് സമാഹരണം കൂടി ലക്ഷ്യമിട്ടാണു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തില്‍ ‘സമരാഗ്‌നി’യെന്ന പേരില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തിയത്. ഓരോ മണ്ഡലം കമ്മറ്റിയും ഒരു ലക്ഷം രൂപ വീതം സമാഹരിക്കാനായിരുന്നു നിര്‍ദേശം. ഇതില്‍ അമ്പതിനായിരം കെ.പി.സി.സിക്കും 25,000 രൂപ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിക്കും 15,000 രൂപ ബ്ലോക്ക് കമ്മറ്റിയും 10,000 രൂപ മണ്ഡലം കമ്മറ്റിയും എടുക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതനുസരിച്ച് കെ.പി.സി.സിക്ക് അഞ്ചു കോടിയോളം രൂപ ലഭിച്ചിരുന്നു.
കെ.പി.സി.സി. പ്രസിഡന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണു ഫണ്ട് പിരിവ് നടന്നത്. രണ്ടു കോടി രൂപയോളം ഫണ്ട് പിരിവിനുള്ള കൂപ്പണ്‍ അടിക്കാനും ഒന്നര കോടി രൂപ ‘സമരാഗ്‌നി’യുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനും നല്‍കിയെന്നുമാണ് കെ.പി.സി.സി. പ്രസിഡന്റ് പറയുന്നതെന്ന് സഹഭാരവാഹികള്‍ പറയുന്നു. ബാക്കി തുകയെപ്പറ്റി കെ.പി.സി.സി. നേതൃത്വം പറയുന്നില്ല. ഇതിനിടെ നാലാം തീയതി ചേരുന്ന കെ.പി.സി.സി. നേതൃയോഗത്തില്‍ കെ.പി.സി.സിപ്രസിഡന്റായി തന്നെ വീണ്ടും നിയമിക്കണമെന്ന് കെ.സുധാകരന്‍ എ.ഐ.സി.സി. നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കെ. സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചതിനാല്‍ എം.എം. ഹസനെ ആക്ടിങ് പ്രസിഡന്റായി എ.ഐ.സി.സി. തെരഞ്ഞെടുത്തിരുന്നു. നാലാം തീയതിയിലെ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത് ഹസനാണ്. കെ.പി.സി.സിയിലെ ഫണ്ട് വിഷയം വിവാദമായ സാഹചര്യത്തില്‍ ഈ വിഷയം പരിഹരിക്കാതെ കെ. സുധാകരന് ചുമതല കൈമാറാന്‍ തയാറാകരുതെന്നാണ് കെ.പി.സി.സി. ഭാരവാഹികളില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും യോഗത്തില്‍ പങ്കെടുക്കും.