കനത്തചൂടില്‍ സംസ്ഥാനം വെന്തുരുകുകയാണ്. പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു. ജില്ലയിലുളളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചു. പാലക്കാട് ഇന്നലെ 41.3 ഡിഗ്രി സെല്‍ഷ്യസും തൃശൂര്‍ വെള്ളാനിക്കരയില്‍ 40 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി. സാധാരണയെക്കാള്‍ 5 മുതല്‍ 5.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ചൂട് രേഖപെടുത്തിയത്തോടെയാണ് രണ്ട് ജില്ലകളിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചത്. ഈ രണ്ട് ജില്ലകള്‍ക്ക് പുറമെ തെക്കന്‍ കേരളത്തിലെ കൊല്ലത്തും ഉഷ്ണ തരംഗ മുന്നറിയിപ്പുണ്ട്.
പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ വെകിട്ട് മൂന്ന് വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.