തനിനിറം ഓണ്‍ലൈന്‍ പുറത്ത് വിട്ട വാര്‍ത്ത ബിജെപിയിലും തര്‍ക്കങ്ങളിലേക്ക്..
തിരുവനന്തപുരം: ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദം ബിജെപിയെ പിടിച്ചുലക്കുന്നു. നന്ദകുമാറിനെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാവായ ശോഭാ സുരേന്ദ്രന്‍. എന്നാല്‍ ഇപി ജയരാജന്‍ അടക്കമുള്ളവരെ ബിജെപിയില്‍ അടുപ്പിക്കാന്‍ പെടാപാടുപെട്ട ഒരാളെ ഒറ്റിക്കൊടുക്കുന്നതിനോട് ബിജെപിയിലെ മറ്റൊരു വിഭാഗത്തിന് താല്‍പ്പര്യക്കുറവുണ്ട്. ബിജെപിയുടെ ദേശീയ നേതാവ് പ്രകാശ് ജാവദേക്കറിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. ഇക്കാര്യം വെളിപ്പെടുത്തിയ ശോഭ സുരേന്ദ്രനെതിരേ നടപടിയെടുക്കണമെന്നും ഒരു വിഭാഗം വാദിക്കുന്നു. ‘തനിനിറം ‘ ഓൺ ലൈൻ കൃത്യമായ വിവരങ്ങളാണ് പുറത്ത് വിടുന്നത്. രഹസ്യ ചർച്ചകൾ പുറത്തുവിട്ട ശോഭാ സുരേന്ദ്രന് (Sobha Surendran) നടപടി വേണമെന്ന ബിജെപിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നു. അരമന രഹസ്യം അങ്ങാടി പാട്ടായാൽ എങ്ങനെ മറ്റു പാർട്ടികളിലെ നേതാക്കൾ ഓപ്പറേഷൻ താമരയിൽ കുടുങ്ങും എന്നാണ് അവർ ചോദിക്കുന്നത്. എന്തായാലും അടുത്ത ബിജെപിയുടെ ഉന്നതല യോഗത്തിൽ ശോഭാ സുരേന്ദ്രൻ ഇക്കാര്യത്തിൽ സമാധാനം പറയേണ്ടിവരും. ജാവദേക്കറുമായി നന്ദകുമാറിനെ അടുത്ത ബന്ധമുണ്ടെന്ന പൊതു ധാരണ കേരളീയ സമൂഹത്തില്‍ ജയരാജന്‍ അടക്കമുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം നന്ദകുമാറിന് തുണയായേക്കും.
ശോഭാ സുരേന്ദ്രനെ പോലെ അനില്‍ ആന്റണിയും ദല്ലാളിന് എതിരാണ്. പത്തനംതിട്ടയില്‍ കറുത്ത കുതിരയെ പോലെ മുന്നേറുകയായിരുന്നു പ്രചരണത്തില്‍ അനില്‍ ആന്റണി. ഇതിനിടെയാണ് അനിലിനെ പ്രതിരോധ ദല്ലാളായി ചിത്രീകരിച്ചുള്ള നന്ദകുമാറിന്റെ പ്രസ്താവന എത്തുന്നത്. ഇതിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്ന് അനില്‍ കരുതുന്നു. കോണ്‍ഗ്രസ് നേതാക്കളെയാണ് അനില്‍ പ്രതിസ്ഥാനത്ത് പരസ്യമായി നിര്‍ത്തിയത്. തന്റെ ജയസാധ്യതകളെ നന്ദകുമാര്‍ തകര്‍ത്തുവെന്നാണ് അനില്‍ ഈ ഘട്ടത്തില്‍ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ശോഭയെ പോലെ തന്നെ അനിലും നന്ദകുമാറിന് എതിരാണ്. പ്രധാനമന്ത്രി മോദിയെ തന്നെ ഇക്കാര്യം അനില്‍ അറിയിക്കും. നന്ദകുമാറിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും. ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ കര്‍ശന നടപടിക്കും സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് ബിജെപിയിലെ നന്ദകുമാറിനെ പിന്തുണയ്ക്കുന്നവര്‍ രംഗത്ത് വരുന്നത്. ബിജെപിക്ക് കേരളത്തില്‍ ബന്ധങ്ങളുണ്ടാക്കാന്‍ നന്ദകുമാറിനെ ഇനിയും ഗുണകരമായി ഉപയോഗിക്കാമെന്ന ന്യായമാണ് ഇവരുടേത്.
ഇ.പി. ജയരാജനേയും തന്നേയും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ വന്നുകണ്ടെന്നും ഇടതിന്റെ സഹായമുണ്ടെങ്കില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന് അദ്ദേഹം ഇ.പിയോട് പറഞ്ഞതായും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപി വിവാദം ആളിക്കത്തിയത്. എന്നാല്‍ ബിജെപിയിലെ പാരമ്പരാഗത നേതാക്കള്‍ക്ക് നന്ദകുമാറിനെ പോലുള്ളവരെ പിന്തുണയ്ക്കുന്നതില്‍ എതിര്‍പ്പുണ്ട്. ഇവര്‍ ശോഭയേയും അനില്‍ ആന്റണിയേയും പിന്തുണയ്ക്കും. കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് നന്ദകുമാര്‍ വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സുരേന്ദ്രന്റെ നിലപാടും നിര്‍ണ്ണായകമാകും.
നന്ദകുമാര്‍ ഈയിടെ നടത്തിയ ആരോപണങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ശോഭാ സുരേന്ദ്രന്‍ പെടുത്തിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണങ്ങളെ ഗൗരവത്തോടെ എടുക്കണമെന്നതാണ് ആവശ്യം. കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയത്തില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. ചില പ്രതിരോധ രേഖകളുടെ ഫോട്ടോ സ്റ്റാറ്റ് ചോര്‍ത്തിയതില്‍ അനില്‍ ആന്റണിയ്ക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. ഈ ആരോപണം നന്ദകുമാറിന് തെളിയിക്കേണ്ടി വരും. അല്ലാത്ത സാഹചര്യത്തില്‍ നന്ദകുമാറിനെതിരെ സൈന്യത്തെ അധിക്ഷേപിച്ചതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് നന്ദകുമാറിന് വേണ്ടിയും കരുനീക്കങ്ങള്‍ ബിജെപിയില്‍ സജീവമാകുന്നത്.
കേരളത്തിലെ ബിജെപി ഏറ്റവും പ്രതീക്ഷയോടെ കണ്ട മണ്ഡലങ്ങളാണ് പത്തനംതിട്ടയും ആലപ്പുഴയും. ജയമോ വന്‍തോതില്‍ വോട്ടു വിഹിതമോ ഉയര്‍ത്തലായിരുന്നു ബിജെപിയുടെ ഈ മണ്ഡലത്തിലെ ലക്ഷ്യം. ഇതിനിടെയാണ് അനില്‍ ആന്റണിയേയും ശോഭാ സുരേന്ദ്രനേയും ലക്ഷ്യമിട്ടുള്ള ആരോപണങ്ങള്‍ നന്ദകുമാര്‍ ഉയര്‍ത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊട്ടികലാശ ദിവസം ആലപ്പുഴയില്‍ എത്തിയിരുന്നു. ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിക്കാനായിരുന്നു ഇത്. അമിത് ഷായെ ശോഭാ സുരേന്ദ്രന്‍ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.