കാസര്‍കോട് (Kasarkodu) : രാജ്മോഹന്‍ ഉണ്ണിത്താന്‍ (Rajmohan Unnithan) പത്മജ വേണുഗോപാലി (Padmaja Venugopal) നെ പരസ്യമായി വെല്ലുവിളിച്ചു. പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. സ്ഥലവും സമയവും തീരുമാനിക്കാം. രാജ്മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
എന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. പയ്യന്നൂരിലും കല്ല്യാശേരിയിലും വ്യാപകമായി സിപിഐഎം കള്ള വോട്ട് ചെയ്തു. ബൂത്ത് പിടിത്തം നടന്നു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് താന്‍ വിജയിക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഐഎം, ബിജെപി വോട്ടുകള്‍ കുറയും.
പല ബൂത്തിലും ഇരിക്കാന്‍ സിപിഐഎം ഏജന്റുമാര്‍ ഉണ്ടായിരുന്നില്ല. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. എസ്പി രാഷ്ട്രീയം കളിച്ചുവെന്നും ഉടന്‍ എസ്പിയെ മാറ്റാന്‍ തയ്യാറാകണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ഇ പി ജയരാജന്‍ ജാവദേക്കറെ കണ്ടത് കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും ആഗോള താപനത്തെക്കുറിച്ചും സംസാരിക്കാനാകുമെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.