തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നിര്‍ണ്ണായക തെളിവുകള്‍ കിട്ടി. സിദ്ധാര്‍ത്ഥന്റെ ഫോണിലെ ദൃശ്യങ്ങളാണ് സിബിഐ വീണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ക്ക് സിദ്ധാര്‍ത്ഥന്റെ മരണവുമായി ഏറെ ബന്ധമുണ്ടെന്നാണ് സൂചന. സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണോ എന്ന് സിബിഐ ഇനിയും ഉറപ്പിച്ചിട്ടില്ല. ഇതിനിടെയാണ് മൊബൈലില്‍ നിന്നും വിവരങ്ങള്‍ വീണ്ടെടുത്തത്. കേസില്‍ പ്രാഥമിക കുറ്റപത്രം സിബിഐ സമര്‍പ്പിച്ചിരുന്നു. ജയിലിലുള്ള 19 പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കാനാണ് ഇത്. പേരു പറയാത്ത ഒരു പ്രതിയെ കൂടി സിബിഐ കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള അന്വേഷണം തുടരുകാണ്. അതിനിടെ സിബിഐയുടെ നീക്കം നിര്‍ണ്ണായകമാണെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛനും പ്രതികരിച്ചു.
അക്ഷയ് അടക്കമുള്ളവരെ വിശദമായി സിബിഐ പലവട്ടം ചോദ്യം ചെയ്തു കഴിഞ്ഞു. സിദ്ധാര്‍ത്ഥനെ ക്രൂരമായി പ്രതികള്‍ മര്‍ദ്ദിച്ചിരുന്നുവെന്നത് വ്യക്തമാണ്. ഉത്തരേന്ത്യന്‍ സംഘമാണ് അന്വേഷണം നടത്തുന്നത്. അതുകൊണ്ട് തന്നെ അന്വേഷണത്തിന് രഹസ്യാത്മകത ഏറെയാണ്. സിദ്ധാര്‍ത്ഥന്റെ വീട്ടുകാരോട് പോലും കാര്യങ്ങള്‍ വിശദീകരിക്കുന്നില്ല. സിബിഐ ഡയറക്ടറെ കാണാനുള്ള സൗകര്യം വേണമെങ്കില്‍ ഒരുക്കാമെന്നും കുടുംബത്തെ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഇതെല്ലാം പ്രതീക്ഷയോടെയാണ് അവര്‍ കാണുന്നത്. ഫോറന്‍സിക് തെളിവുകള്‍ വിലയിരുത്തി സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണോ എന്ന് ഉറപ്പിക്കാനാണ് സിബിഐയുടെ ശ്രമം.
അതിവേഗം കുറ്റപത്രം
സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുത്ത സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചതും അതിവേഗതയിലാണ്. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് സിബിഐ വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 29 മണിക്കൂറോളം സീനിയേഴ്സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് ശേഷമാണ് സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് വാദം. സിബിഐയ്ക്ക് കൈമാറിയ കേരള പോലീസ് റിപ്പോര്‍ട്ട് ഇത്തരത്തിലാണ്. സീനിയര്‍ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേര്‍ന്ന് ശാരീരികമായും മാനസികമായും സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ചെന്നും ഇതില്‍ മനംനൊന്താണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കൊലപാതകമാണെന്നാണ് കുടുംബം സിബിഐയ്ക്ക് നല്‍കിയ മൊഴി.
ഫെബ്രുവരി 16ന് രാവിലെ 9 മണി മുതല്‍ സിദ്ധാര്‍ത്ഥന് നേരെ ആരംഭിച്ച പീഡനം ഫെബ്രുവരി 17, 2 മണി വരെ തുടര്‍ന്നിരുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ ബെല്‍റ്റ് കൊണ്ടും കൈ കൊണ്ടും മര്‍ദ്ദിച്ചിരുന്നു. ”ഇതെല്ലാം സിദ്ധാര്‍ത്ഥനെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. കോഴ്സ് പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയില്ലെന്ന് സിദ്ധാര്‍ത്ഥന് തോന്നി. ഇതോടെ ജീവനൊടുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് സിദ്ധാര്‍ത്ഥന് തോന്നിയിരിക്കാം, പോലീസ് ആദ്യം അസാധാരണ മരണത്തിനാണ് കേസെടുത്തിരുന്നത്. തുടര്‍ന്ന് കോളേജിലെ ആന്റി-റാഗിംഗ് സ്‌ക്വാഡ്, മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് സിദ്ധാര്‍ത്ഥന് നേരെ ശാരീരിക-മാനസിക പീഡനമുണ്ടായിട്ടുണ്ടെന്ന് വ്യക്തമായത്,” റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാപ്രേരണ, ആന്റി-റാഗിംഗ് നിയമം എന്നിവ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്.
സംഭവം നടക്കുന്നതിന് എട്ട് മാസം മുമ്പും തന്റെ മകന് നേരെ പീഡനമുണ്ടായിട്ടുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചിരുന്നു. കോളേജിലെ മുതിര്‍ന്ന എസ്എഫ്ഐ നേതാക്കള്‍ മകനെ മണിക്കൂറോളം മുട്ടുകുത്തി നിര്‍ത്തിയിരുന്നുവെന്നും ഇദ്ദേഹം ആരോപിച്ചു. ഇതും സിബിഐ പരിശോധിക്കുന്നുണ്ട്.