തിരുവനന്തപുരം: : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ വിശദ അന്വേഷണം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിരുന്നു. കിറ്റ് തയ്യാറാക്കിയത് ബി.ജെ.പിയാണെന്ന് ടി.സിദ്ധിഖ് എം.എല്‍.എ ആരോപിച്ചു. 1500 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്നും അദ്ദേഹം ആരോപിച്ചു.’ആദിവാസി കോളനികളിലെ വോട്ട് പിടിക്കാനാണ് കിറ്റ് തയ്യാറാക്കിയത്, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ കമ്മീഷനും പോലീസും ഇടപെടുന്നത്.
വിതരണത്തിന് തയാറാക്കിയ ആയിരത്തിയഞ്ഞൂറോളം കിറ്റുകള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പിടികൂടി. മാനന്തവാടി അഞ്ചാം മൈലിലെയും കല്‍പ്പറ്റ മേപ്പാടി റോഡിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സമാനമായ രീതിയില്‍ കിറ്റുകള്‍ വിതരണത്തിന് കൊണ്ടുപോയതായും പരാതിയുണ്ട്. ഇതെല്ലാം പരിശോധിക്കും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സുല്‍ത്താന്‍ ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നില്‍ ലോറിയില്‍ കയറ്റിയ നിലയില്‍ ആവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ടെത്തിയത്. പിന്നാലെ വിവാദം ആളിക്കത്തി. ബത്തേരിയില്‍ നിന്ന് കിറ്റുകള്‍ പിടിച്ച സംഭവത്തില്‍ കടയുടമയുടെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി അഞ്ചാം മൈലിലും കല്‍പ്പറ്റ മേപ്പാടി റോഡിലും സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.
പഞ്ചസാര, ചായപ്പൊടി, വെളിച്ചെണ്ണ, സോപ്പ്, സോപ്പ് പൊടി, ബിസ്‌ക്കറ്റ്, റസ്‌ക് തുടങ്ങിയവയായിരുന്നു കിറ്റിലുണ്ടായിരുന്നത്. ചില കിറ്റുകളില്‍ വെറ്റില, അടക്ക, പുകയില എന്നിവയും കണ്ടെത്തി. വയനാട്ടിലെ ആദിവാസി കോളനികളില്‍ വിതരണം ചെയ്യാനാണ് കിറ്റുകള്‍ തയാറാക്കിയതെന്നും ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയതെന്നുമാണ് ആരോപണം. അതിനിടെ വയനാട്ടിലെ കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കിറ്റുകള്‍ ബുക്ക് ചെയ്തത് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെന്ന് ടി.സിദ്ദിഖ് ആരോപിച്ചു. തോല്‍വിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. സുരേന്ദ്രന്‍ വയനാട്ടില്‍ പലചരക്ക് വില്‍പന തുടങ്ങിയെന്നും സിദ്ദിഖ് പരിഹസിച്ചു.
അതിനിടെ വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എല്‍.ഡി.എഫും യു.ഡി.എഫും മാപ്പ് പറയണമെന്ന് സുരേന്ദ്രനും ആവശ്യപ്പെട്ടു. ഒരു ഭക്തന്‍ ക്ഷേത്രത്തിന് നല്‍കിയ വഴിപാടാണ് ഇത്തരത്തില്‍ ആദിവാസികള്‍ക്ക് കിറ്റ് നല്‍കാനാണെന്ന് പ്രചരിപ്പിച്ചത്. ബി.ജെ.പിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. കിറ്റിലുള്ള സാധനങ്ങള്‍ ആദിവാസികള്‍ക്കുള്ളതാണെന്ന് കോണ്‍ഗ്രസിനും സി.പി.എമ്മിനും എങ്ങനെ മനസിലായി? അരിയും പയറും പപ്പടവുമൊന്നും മറ്റുള്ളവര്‍ ഭക്ഷിക്കില്ലെന്നാണോ ഇവര്‍ പറയുന്നത്? പൊലീസ് എഫ്.ഐ.ആര്‍ എന്താണ്? ബി.ജെ.പിക്ക് പങ്കുണ്ടെന്ന് പറയാന്‍ എന്ത് തെളിവാണുള്ളത്? ടി. സിദ്ദീഖാണ് നീചമായ ആരോപണം ഉന്നയിച്ചതെന്ന് സുരേന്ദ്രന്‍ പറയുന്നു.
രാഹുല്‍ ഗാന്ധിക്കും സിദ്ദീഖിനും ആദിവാസികളോട് എന്നും പുച്ഛമാണ്. ഈ നാട്ടിലെ വോട്ടര്‍മാര്‍ അതിന് മറുപടി പറയും. പരാജയഭീതിയാണ് കോണ്‍ഗ്രസിന്റെ അസ്വസ്ഥതയ്ക്ക് പിന്നില്‍. രാഹുല്‍ ഗാന്ധി അഞ്ച് വര്‍ഷം കൊണ്ട് ആദിവാസികള്‍ക്ക് എന്തു കൊടുത്തു എന്നതാണ് ചോദ്യം. അതാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ക്വിറ്റ് രാഹുല്‍ എന്നാണ് വയനാട്ടുകാര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ വിശദീകരിച്ചു.