തൃശ്ശൂര്‍ (Thrisur) : തൃശ്ശൂര്‍ പൂരത്തിനിടെയുളള പോലീസ് നിയന്ത്രണങ്ങളുടെ പേരിലുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ വീണ്ടും നാണക്കേടായി വിദേശ വ്ളോഗര്‍മാരുടെ ആരോപങ്ങള്‍. ബ്രിട്ടനില്‍ നിന്നുള്ള വ്ളോഗേഴ്സാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കുായ ദുരനുഭവം വെളിപ്പെടുത്തിയത്. പൂരം ക്യാമറയില്‍ പകര്‍ത്തുകയായിരുന്ന വിദേശ വനിതയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്.
തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. പരാതി ലഭിച്ചാലുടന്‍ കേസെടുക്കാനാണ് പോലീസിന്റെ തീരുമാനം.