പാവപ്പെട്ട രോഗികൾക്ക് വളരെയേറെ ആശ്വാസം പകർന്നുകൊണ്ടിരുന്ന തിരുവനന്തപുരം അവിട്ടം തിരുനാൾ ആശുപത്രി (എസ് എ ടി) മരുന്ന് വിതരണം നിലച്ചതോടെ രോഗികൾ എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ്.
വിവിധ ആരോഗ്യപദ്ധതികളിലൂടെ നൽകിവന്ന മരുന്നുകളുടെ വിതരണമാണ് നിലച്ചത്. അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി നൽകിവന്ന മരുന്നുകളാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കാതായത്. ആശുപത്രിയിൽ ഡോക്ടർമാർ നൽകുന്ന കുറിപ്പടി ആരോഗ്യ സ്‌കീമിന്റെ ഓഫീസിൽ നിന്ന് സീൽ വച്ച് വാങ്ങിയാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ സ്കീമുകളിൽ നിന്നുള്ള കുറിപ്പടിയുമായി എത്തുന്നവർക്ക് ഔട്ട് ഓഫ് സ്റ്റോക്ക് സീൽ വച്ച് നൽകി മെഡിക്കൽ സ്റ്റോറുകൾ മടക്കി വിടുകയാണ്.
ജെ എസ് എസ് കെ., കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ സ്സീമുകളിൽ ഉൾപ്പെട്ടവരാണ് പ്രതിസന്ധിയിലായത്. പ്രസവത്തിനു ശേഷം ആശുപത്രിയിൽ തുടരുന്ന കുഞ്ഞുങ്ങൾക്കും അമ്മമാർക്കും സ്കീമിലൂടെയുള്ള മരുന്ന് വിതരണം നിറുത്തിയത് തിരിച്ചടിയായി. മരുന്നുകൾ എല്ലാം സ്റ്റോക്ക് ഉണ്ടെങ്കിലും സ്കീമിലൂടെ നല്കാൻ സാധിക്കുന്നില്ലെന്നാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന മറുപടി.
കുട്ടികളുടെ വിവിധ സ്കീമുകൾ വഴി മരുന്നുകൾ നൽകിയ വകയിൽ സർക്കാരിൽ നിന്ന് 12 ലക്ഷത്തിലധികം രൂപ കുടിശ്ശിക വന്നതോടെയാണ് മെഡിക്കൽ സ്റ്റോറുകൾ മരുന്ന് വിതരണം നിറുത്തിയത്. ആരോഗ്യ സ്കീമുകൾ വഴിയുള്ള മരുന്ന് വിതരണം നിറുത്തിയതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഇത് എസ് എ ടി ആശുപത്രിയിലെ മാത്രം പ്രശ്നമല്ല. പല മെഡിക്കൽ കോളേജുകളിലും അടിയന്തിരമായി ആവശ്യമുള്ള പല മരുന്നുകളും ഇല്ലാതായിട്ട് നാളുകളേറെയായി. പാവപ്പെട്ട രോഗികൾ സ്വകാര്യ ആശുപത്രികളിൽ അഭയം പ്രാപിക്കേണ്ട ദയനീയ സ്ഥിതിയാണിന്നുള്ളത്. കൊള്ളയും കൊള്ളിവയ്പ്പുമായി രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യാശുപത്രികളിൽ പോകാൻപോലും പാവപ്പെട്ട രോഗികൾക്ക് ഭയമാണ്.
കേരളത്തിലെ സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടേണ്ട സ്ഥിതിയാണിന്നുള്ളത്. ജനങ്ങളുടെ ചികിത്സയും ആരോഗ്യ ചികിത്സാരംഗവും ആകെ അവതാളത്തിലായിരിക്കയാണ്. ജനങ്ങളുടെ ആരോഗ്യത്തിനു പോലും സുരക്ഷ നല്കാൻ കഴിയാത്ത ആരോഗ്യ വകുപ്പും ഭരണകർത്താക്കളുമാണ് നിലവിലുള്ളത്. എന്ത് പ്രശനം ഉണ്ടായാലും സാമ്പത്തിക പ്രതിസന്ധി എന്ന ഒറ്റ വാക്കിൽ പ്രശ്നത്തിൽ നിന്നും പിന്മാറുകയാണ് സർക്കാർ.