സന: വധശിക്ഷയ്ക്കുവിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ട് കണ്ട് അമ്മ പ്രേമകുമാരി. സനയിലെ ജയിലില്‍ പ്രത്യേക മുറിയില്‍വെച്ചായിരുന്നു ഇരുവരും നേരില്‍ കണ്ടത്. യെമന്‍ സമയം ഉച്ചയോടുകൂടിയാണ് സനയിലെ ജയിലിലെത്തി നിമിഷപ്രിയയെ പ്രേമകുമാരി കണ്ടത്. നിസഹായായ അമ്മയും മകളും വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോയി. കൂടിക്കാഴ്ചയ്ക്ക് ജയിലധികൃതര്‍ കൂടുതല്‍ സമയം നല്‍കിനിമിഷപ്രിയയ്ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അമ്മയെ അനുവദിച്ചത് ആശ്വാസമായി. വൈകീട്ടുവരെ കൂടിക്കാഴ്ച നീണ്ടു.
ഇനി വേണ്ടത് ജയില്‍മോചനം
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ഗോത്രവിഭാഗത്തിന്റെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി എങ്ങനെയും മോചനം സാധ്യമാക്കുകയാണ അടുത്ത ലക്ഷ്യം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷപ്രിയയുടെ മോചനം സാധ്യമാവുകയുള്ളൂ.
ശനിയാഴ്ചയാണ് പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും കൊച്ചിയില്‍നിന്ന് യെമെന്‍ തലസ്ഥാനമായ എയ്ഡനിലേക്ക് വിമാനം കയറിയത്. ഹൂതികള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയായ സനയിലാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് പുറപ്പെട്ടത്.