കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായിരിക്കുന്ന ഓരോ വർഷവും കേരളത്തിൽ ശരാശരി ഒരു ലക്ഷം പേർക്ക് നായയുടെ കടിയേൽക്കുന്നുണ്ടെങ്കിലും ഈ കൊടിയ വിപത്തിനെ അധികൃതർ ഇപ്പോഴും നിസ്സംഗതയോടെ കണ്ടുനിൽക്കുന്നത് എന്തുകൊണ്ടാണെന്നറിയില്ല.
ഏറെ കാലങ്ങൾക്കു മുൻപ് തെരുവുനായ് ശല്യം രൂക്ഷമായപ്പോൾ ഇത്തരം അക്രമകാരികളെ വെടിവച്ചു കൊല്ലുമായിരുന്നു. എന്നാൽ മേനകാഗാന്ധി മന്ത്രിയായപ്പോൾ തെരുവ് നായ്ക്കളെയും മറ്റു മൃഗങ്ങളെയും വെടിവച്ചു കൊല്ലുന്നതിനെതിരെ രെ നിയമം കൊണ്ടുവന്നു. അതോടെ തെരുവ് നായ് ശല്യവും രൂക്ഷമായി. . ഇതിനൊരു പ്രതിവിവിധി കണ്ടെത്താൻ ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല.
കാസർകോട് തൃക്കരിപൂരിൽ അയൽ വീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നര വയസ്സുകാരനെ തെരുവ് നായ കടിച്ചെടുത്തു കൊണ്ടുപോയി ഗുരുതരമായി മുറിവേൽപ്പിച്ചത് ഈയടുത്ത നാളുകളിലാണ്. കൊല്ലം കടയ്ക്കലിൽ മുത്തശ്ശിക്കൊപ്പം അമ്പലത്തിലേക്ക് പോയ അഞ്ചു വയസ്സുകാരന്റെ നേരെ തെരുവുനായ ചാടിവീണു ചെവിയിൽ കടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവർ കുട്ടിയെ രക്ഷിക്കുകയായിരുന്നു.
തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടുള്ള മാർഗം വന്ധ്യംകരണമാണ്. നായ്ക്കളെ വന്ധ്യം കരിച്ച് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്കാൻ എല്ലാ ജില്ലകളിലും അനിമൽ ബെർത്ത് കണ്ട്രോൾ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും പല ജില്ലകളിലും അത് നടപ്പായിട്ടില്ല. 70 ശതമാനം തെരുവ് വളർത്തു നായ്ക്കൾക്ക് കുത്തിവയ്പ്പ് എടുക്കണമെന്ന ലക്ഷ്യത്തോടെ 2022 സെപ്റ്റംബറിൽ ആരംഭിച്ച സമഗ്ര പേവിഷ നിയന്ത്രണ പദ്ധതി ഫലം കാണാതെ ഇഴയുകയാണ്.
മാംസം അടക്കമുള്ള ഭക്ഷണ മാലിന്യത്തിന്റെ ലഭ്യതയാണ് സമീപകാലത്തു തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണം. അതുകൊണ്ടുതന്നെ മാലിന്യക്കൂമ്പാരം നാടെങ്ങും പെരുകാതിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും നിരന്തര ശ്രദ്ധ ഉണ്ടായേ തീരു.
തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പ്രവർത്തനം തുടങ്ങിയ ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റി 2017 മുതൽ ഇതുവരെ പരിഗണിച്ചത് എണ്ണായിരത്തോളം പദ്ധതികളാണ്. തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ നഷ്ട്ട പരിഹാര പരാതികളാണ് കൂടുതലും പരിഗണിച്ചത്.
തെരുവുനായ് ശല്യത്തെ കടുത്ത സാമൂഹിക വിപത്തായിത്തന്നെ കണ്ടു നായ് ശല്യത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് വേണ്ടത്. പേ വിഷബാധയ്ക്കെതിരെയുള്ള വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കിയേ തീരു. വന്ധ്യംകരണ പദ്ധതി ഫലപ്രദമാക്കുകയും വേണം.