ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര വികസനത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിക്കാൻ ശ്രമിച്ച ദേവസ്വം ചെയർമാനെ അധിക്ഷേപിച്ചു വിട്ടതിനെതിരെ പ്രതിഷേധം . കഴിഞ്ഞ ദിവസം കില യിൽ നടന്ന പ്രഭാത യോഗത്തിലാണ് ഗുരുവായൂർ ക്ഷേത്ര വികസനത്തെ കുറിച്ച് ദേവസ്വം ചെയർമാൻ പരാതി പറയാൻ എണീറ്റത്. അതൊന്നും പറയേണ്ട ഇടമല്ല ഇതെന്നാണ് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ ചെയർമാനോട് ക്ഷോഭിച്ചത്. ഇത് കണ്ടതോടെ ഗുരുവായൂരിലെ അടിയന്തിര ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ പോയ ലോഡ്‌ജ് അസോസിയേഷൻ ഭാരവാഹികൾ ഭയന്ന് പരാതി പറയാൻ പോലും തയ്യാറായില്ലത്രേ.
കോടികൾ ചിലവഴിച്ചു പൂർത്തിയാക്കിയ ഗുരുവായൂരിലെ ഡ്രൈനേജ് പദ്ധതിയുടെ ഉപയോഗ ശൂന്യതയെ കുറിച്ച് പരാതി പറയാനാണ് ലോഡ്ജ് ഉടമകളുടെ ഭാരവാഹികൾ പ്രഭാത യോഗത്തിലേക്ക് പാസ് വാങ്ങിയത്. ക്ഷേത്ര വികസനത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച ദേവസ്വം ചെയർമാനോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ തങ്ങളുടെ അവസ്ഥ എന്താകും എന്ന ഭയത്താൽ പരാതി പറയാൻ തയ്യാറായില്ലെന്നാണ് ലോഡ്ജ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
അതെ സമയം ഗുരുവായൂർ ക്ഷേത്ര വികസനത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച ദേവസ്വം ചെയർ മാനെ അധിക്ഷേപിച്ചു വിട്ടത് ക്ഷേത്ര വിശ്വാസികളോട് മുഖ്യമന്ത്രിക്കുള്ള അസഹിഷ്ണുതയാണ് കാണിക്കുന്നത് എന്ന് ക്ഷേത്ര രക്ഷസമിതി സെക്രട്ടറി ബിജു മാരാത്ത് ആരോപിച്ചു. ദേവസ്വം മന്ത്രിയോട് പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നടക്കാതെ ആയതോടെയാണ് ചെയര്‌മാൻ മുഖ്യ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിച്ചത് . ഇതരമത പുരോഹിതരെയും നേതാക്കളെയും കേൾക്കാൻ തയ്യാറായ മുഖ്യമന്ത്രി ഗുരുവായൂർ ദേവസ്വം ചെയർമാനോട് കയർത്ത നടപടി മുഖ്യമന്ത്രി പദവിക്ക് യോജിച്ചതല്ലെന്നും ക്ഷേത്ര രക്ഷ സമിതി അഭിപ്രായപ്പെട്ടു.