പീച്ചി. ഒരു കാലത്ത് നാടെങ്ങും കേൾവി കേട്ട പീച്ചി ഡാമിൻ്റെ ഉദ്യാനത്തിലേയ്ക്ക് ഇപ്പോൾ കടന്നുചെന്നാൽ ആരായാലും മൂക്കത്ത് വിരൽ വെച്ചുപോകും. അത്ര ദയനീയമാണ് പീച്ചി ഗാർഡന്റെ ഇപ്പോഴത്തെ അവസ്ഥ. ഇപ്പോൾ ഇതൊരു പൂന്തോട്ടമാണോ കാടാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. പാഴ് വളർച്ചകൾ കൊണ്ടും പുല്ലു വളർന്നും ഉദ്യാനം നശിച്ചിരിക്കുന്നു. ഗാർഡനിൽ പലയിടത്തും സ്ഥാപിച്ചിരിക്കുന്ന സ്റ്റീൽ ബെഞ്ചുകളുടെ മുകളിലേക്ക് പുല്ലു വളർന്നുകയറിയിരിക്കുകയാണ്. ആ ഭാഗത്തേക്ക് പോകാനോ ബെഞ്ചിൽ ഇരിക്കാനോ പറ്റില്ല.
ദിവസവും ഗാർഡനിലെ പുല്ലും കാടും വെട്ടിത്തെളിക്കാൻ ഡിഎംസി ഒരു തൊഴിലാളിയെ നിയമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ
രണ്ടുമാസത്തിലേറെയായി ആ തൊഴിലാളി വരവു നിർത്തിയതോടെയാണ് ഗാർഡൻ കാടുപിടിച്ച് ഇഴജന്തുക്കളുടെ വിഹാര
കേന്ദ്രമായി മാറിയത്. അയാൾക്കു പകരം മറ്റൊരാളെ ഇതുവരെ നിയമിച്ചിട്ടുമില്ല. ഡിഎംസിക്കാണ് പീച്ചി
ഗാർഡന്റെ പരിപാലനച്ചുമതല. വർഷങ്ങളായി ഡിഎംസി നിയമിക്കുന്ന ജീവനക്കാരാണ് പീച്ചി വിനോദസഞ്ചാര
കേന്ദ്രവുമായി ബന്ധപ്പെട്ട ജോലികളെല്ലാം ചെയ്യുന്നത്. രണ്ടുമാസത്തിലേറെയായി ഗാർഡൻ കാടുപിടിച്ചുകിടന്നിട്ടും
കാടുവെട്ടിത്തെളിക്കാൻ ഇതുവരെയും ഒരു ജീവനക്കാരനെ നിയമിക്കാത്തത് വലിയ അനാസ്ഥയാണെന്ന ആക്ഷേപമുണ്ട്. ഇതിനുപിന്നിൽ രാഷ്ട്രീയക്കളി ഉണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.