അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈയെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും ചേർത്തുപിടിക്കേണ്ട സാഹചര്യത്തിൽ അതിന് തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവകേരള സദസ്സിനായി തൃശ്ശൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോം ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെയുണ്ടായ പേമാരിയിൽ ചെന്നൈ നഗരമാകെ കനത്ത ദുരിതമനുഭവിക്കുകയാണ്. ഇന്നലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പട്ട് സ്ഥിതിഗതികൾ അന്വേഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുകയാണ് മിഷോം ചുഴലിക്കാറ്റ്. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ അധികമാണ് ചെന്നൈയിൽ ഇത്തവണത്തെ മഴയെന്നാണ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.