അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. ജാതിമതരാഷ്ട്രീയഭേദമന്യേ കേരളത്തിലേയും വിദേശത്തേയും മലയാളികള്‍ ഒത്തൊരുമിച്ചപ്പോള്‍ റഹീമിനെ മോചിപ്പിക്കാന്‍ നല്‍കേണ്ട 34 കോടി എന്ന ഭീമമായ തുക ദിവസങ്ങള്‍ക്കൊണ്ട് മലയാളികള്‍ സ്വരൂപിച്ചിരിക്കുകയാണ്.പതിനെട്ട് വര്‍ഷമായി മകനെ കാത്തിരിക്കുന്ന കോടമ്പുഴ മച്ചിലകത്ത് ഫാത്തിമയ്ക്ക് ഇനി ആശ്വസിക്കാം. അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴിതുറന്നിരിക്കുന്നു.
നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോര്‍ത്താണ് തുക കണ്ടെത്തിയത്. അബ്ദുള്‍ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ലക്ഷ്യം കണ്ടതോടെ ധനസമാഹരണം നിര്‍ത്തി വച്ചു.
മരിച്ച സൗദി ബാലന്റെ കുടുംബത്തിന് എപ്രില്‍ 16 ന് മുമ്പ് മോചന ദ്രവ്യമായി 34 കോടി രൂപ നല്‍കണം. നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി ജനകീയ സമിതിക്ക് ലഭിച്ചത്. എന്നാല്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി സഹായം ഒഴുകി. സന്നദ്ധപ്രവര്‍ത്തകരും, പ്രവാസികളും വലിയതോതില്‍ ധനസമാഹരണത്തിന് സഹായിച്ചു. മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായിരുന്നു ജനകീയ സമിതിയുടെ രക്ഷാധികാരികള്‍.
ഫണ്ട് സ്വരൂപിക്കാനായി ബോബി ചെമ്മണ്ണൂര്‍ മുന്നോട്ടിറിങ്ങയതും വന്‍ വഴിത്തിരിവായി. അബ്ദുല്‍ റഹീം വിഷയം അധികമാരും ഏറ്റെടുക്കാതിരുന്ന സമയത്ത് പിന്തുണയുമായി വന്ന ഒരാളാണ് നടന്‍ ടോവിനോ തോമസ്. ടോവിനോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഈ വിഷയം ഷെയര്‍ ചെയ്തോടെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് അബ്ദുല്‍ റഹീമിന്റെ വിഷമാവസ്ഥ എത്തിക്കാന്‍ കഴിഞ്ഞത്.