ബീഫ് കിട്ടാനുമില്ല, കോഴിയിറച്ചി തൊടാനും വയ്യ…. വലഞ്ഞ് മലയാളി

Written by Web Desk1

Published on:

സുല്‍ത്താന്‍ബത്തേരി (Sulthan Batheri) : വിദേശത്തേക്കുള്ള മാംസത്തിന്റെ കയറ്റുമതി (Export of meat abroad) വർധിച്ചതോടെ നാട്ടിൽ ബീഫി (Beef) ന് ക്ഷാമമേറി. ഈസ്റ്ററിനും പെരുന്നാളിനും ഒഴിച്ചു കൂടാനാകാത്ത പോത്തിറച്ചി കിട്ടാതെയായി. ഹോട്ടലുകാർ, കേറ്ററിങ് സർവീസുകാർ, വിവാഹ പരിപാടികളിലൊന്നും തന്നെ പോത്തിറച്ചി ഇല്ല. ഡിമാൻഡ് കൂടിയതോടെ വിലയിലും കാര്യമായ വർദ്ധനയാണുള്ളത്.

കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചന്തകളിൽ നിന്നാണു കേരളത്തിലേക്കു പ്രധാനമായും പോത്ത്, എരുമ എന്നിവ ഇറക്കുമതി നടത്തുന്നത്. എന്നാൽ ഇപ്പോൾ മാംസ കയറ്റുമതിക്കാർ ചന്തകളിൽ നിന്നു കൂടുതൽ വില നൽകി ഉരുക്കളെ മൊത്തമായി വാങ്ങുന്നെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി.

ദിവസവും ആയിരക്കണക്കിന് ഉരുക്കളാണു വൻകിടക്കാരുടെ അറവു കേന്ദ്രങ്ങളിലെത്തുന്നത്. കിലോയ്ക്കു 350 രൂപയിൽ താഴെയാണു ഗ്രാമങ്ങളിലെ പോത്തിറച്ചിയുടെ വില. ഈ വിലയ്ക്കു വ്യാപാരം നടത്താനാവില്ലെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. ഗ്രാമപ്രദേശങ്ങളിൽ ദിവസവും പത്തും പതിനഞ്ചും ഉരുക്കളെ കശാപ്പു നടത്തി ഇറച്ചി വ്യാപാരം നടത്തിയിരുന്നു. പോത്തിനു പകരം കാളയിറച്ചിയാണിപ്പോൾ പലയിടത്തും വിൽക്കുന്നത്.

വയനാട് ജില്ലയിൽ പോത്തു കൃഷിയുണ്ടെങ്കിലും ആവശ്യത്തിന് ഉരുക്കളെ കിട്ടാനില്ല. ഗോത്രമേഖലകളിൽ സർക്കാർ സഹായത്തോടെ പോത്തുകൃഷിയുണ്ട്. കാലി വരവ് കുറഞ്ഞതോടെ ബീഫ് സ്റ്റാളുകളിൽ പലതും അടഞ്ഞുതുടങ്ങി. പ്രാദേശികമായി ഉരുക്കളെ വാങ്ങുമ്പോഴും ഉയർന്ന വില നൽകേണ്ട അവസ്ഥയാണ്. കോഴിയിറച്ചിക്കും സംസ്ഥാനത്ത് വില വർധിച്ചതോടെ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ.

Leave a Comment