ഓസ്ട്രേലിയ (Australia) ഓസ്ട്രേലിയ (Australia) വിവിധങ്ങളായ ജീവികൾക്ക് പേരുകേട്ട നാടാണ്. പലവിധത്തിൽ പെട്ട വന്യമൃഗങ്ങളും പക്ഷികളും പ്രാണികളും ഉരഗങ്ങളും (Wild animals, birds, insects and reptiles) ഇവിടെ സ്ഥിരം കാഴ്ചയാണ്. എന്നിരുന്നാലും, തന്റെ വീട്ടിലെ അലമാരയ്‍ക്കകത്ത് വിചിത്രരൂപത്തിലുള്ള ചില ജീവികളെ കണ്ടതിന്റെ അമ്പരപ്പിലാണ് ബ്രിസ്ബേനിൽ നിന്നുള്ള വിക്കി (Vicky from Brisbane) എന്ന സ്ത്രീ.
തന്റെ അടിവസ്ത്രം വയ്ക്കുന്ന അലമാര തുറന്നതാണ് കഴിഞ്ഞ ദിവസം വിക്കി. എന്നാൽ, അതിനകത്ത് കണ്ട കാഴ്ച അവളെ അമ്പരപ്പിച്ചു കളഞ്ഞു. കുറച്ചധികം ചെറുജീവികളായിരുന്നു അതിന്റെ അകത്തുണ്ടായിരുന്നത്. ജനിച്ച് വെറും മണിക്കൂറുകൾ മാത്രമായിരുന്ന കുഞ്ഞുങ്ങളായിരുന്നു അതെല്ലാം. എന്നാൽ, ഈ ജീവി ഏതാണ് എന്ന് കണ്ടെത്താൻ അവൾക്ക് സാധിച്ചില്ല.
തന്റെ നായ അസാധാരണമായ രീതിയിൽ പ്രതികരിച്ചപ്പോൾ തന്നെ വീട്ടിൽ എന്തോ ഉണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. പക്ഷേ, എന്താണ് എന്ന് മനസിലായില്ല. ഒടുവിൽ, അലമാര തുറന്നപ്പോഴാണ് കാര്യം മനസിലായത് എന്ന് വിക്കി പറയുന്നു. അത് എലിക്കുഞ്ഞുങ്ങളായിരിക്കാൻ സാധ്യതയുണ്ട് എന്നും വിക്കി പറയുന്നു. എന്നാൽ, തീരെ ചെറുതായത് കൊണ്ടുതന്നെ അക്കാര്യം തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. താൻ കണ്ടെത്തുന്നതിന് വെറും മണിക്കൂറുകൾക്ക് മുമ്പ് മാത്രമായിരിക്കാം അവ ജനിച്ചത് എന്നാണ് കരുതുന്നത് എന്നും വിക്കി പറയുന്നു.
ജീവികളോടെല്ലാം വലിയ കാര്യവും കരുണയും ഉള്ളയാളാണ് വിക്കി. അതുകൊണ്ട് തന്നെ അവൾ ആ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചില്ല. അതിനെയും കൊണ്ട് നേരെ അടുത്തുള്ള വെറ്ററിനറി ക്ലിനിക്കിലേക്ക് പോവുകയാണ് ചെയ്തത്. എന്നാൽ, തീരെ ചെറിയ കുഞ്ഞുങ്ങളായതിനാൽ തന്നെ അവ ഏതാണ് ജീവികളെന്ന് കണ്ടുപിടിക്കാൻ അവിടെയുള്ളവർക്കും സാധിച്ചില്ല.
എന്നിരുന്നാലും, ഇപ്പോൾ ആ വെറ്ററിനറി ക്ലിനിക്കിൽ പരിചരണത്തിലാണ് ആ കുഞ്ഞുങ്ങൾ എന്നാണ് പറയുന്നത്.