സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി

Written by Taniniram

Published on:

കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി സുരേഷ് ഗോപി ഇടപെടുന്നു. സൗദി അംബാസിഡറുമായി അദ്ദേഹം സംസാരിച്ചു. ശിക്ഷാ കാലാവധി നീട്ടിവയ്ക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രിതല ഇടപെടല്‍ പ്രായോഗികമല്ല. നയതന്ത്ര ഇടപെടല്‍ ആണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിനെ മോചിപ്പിക്കാന്‍ ദയാധനമായി 34 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 16നകം ഈ പണം നല്‍കിയില്ലെങ്കില്‍ വധശിക്ഷ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇനി 9 ദിവസം മാത്രമാണ് കുടുംബത്തിന് മുന്നില്‍ ബാക്കിയുളളത്. മകന്റെ മോചനത്തിനായി സുമനസ്സുകള്‍ക്ക് മുമ്പില്‍ അഭ്യര്‍ത്ഥിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ്.

8 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ ജോലിക്ക് പുറമേ സ്പോണ്‍സറുടെ കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല കൂടി അബ്ദുറഹീമിന് ഉണ്ടായിരുന്നു. കഴുത്തില്‍ ഘടിപ്പിച്ച് പ്രത്യേക ഉപകരണങ്ങള്‍ വഴിയാണ് ഭക്ഷണം നല്‍കിയിരുന്നത്. അബ്ദുറഹീമും കുട്ടിയും വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ അബ്ദുറഹീമിന്റെ കൈ ഈ ഉപകരണത്തില്‍ തട്ടുകയും കുട്ടി ബോധരഹിതനാവുകയും ചെയ്തു. പിന്നീട് കുട്ടി മരിച്ചു.

കുട്ടി മരിച്ചതോടെ ഇത് മറച്ചുവെക്കാന്‍ അബ്ദുറഹീം ശ്രമിച്ചു. സംഭവം നടന്നയുടന്‍ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി സഹായം തേടിയിരുന്നു. മോഷ്ടാക്കള്‍ അബ്ദുറഹീമിനെ ബന്ദിയാക്കി കുട്ടിയെ ആക്രമിച്ചു എന്ന രീതിയില്‍ രണ്ടു പേരും കഥയുണ്ടാക്കി. റഹീമിനെ സീറ്റില്‍ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ പൊലീസെത്തി ചോദ്യം ചെയ്തതോടെ കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ ബന്ധുവിന് 10 വര്‍ഷത്തിന് ശേഷം ജാമ്യം ലഭിച്ചു. സാഹചര്യതെളിവുകള്‍ പരിഗണിച്ച് അബ്ദുറഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും വിധി ശരിവെച്ചു.

വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കണം. ഇതിന് ആദ്യം കുടുംബം തയാറായിരുന്നില്ല. പിന്നീട് മാപ്പ് നല്‍കാന്‍ തയ്യാറായി. കുടുംബം ആവശ്യപ്പെട്ട മോചന ദ്രവ്യമാണ് 34 കോടി രൂപ. ഏപ്രില്‍ 16നുള്ളില്‍ ഈ തുക നല്‍കിയാല്‍ അബ്ദുറഹീം ജയില്‍ മോചിതനാകും.

See also  തൃശൂരില്‍ സുരേഷ് ഗോപിക്ക് ഇന്ന് ഉജ്ജ്വല വരവേല്‍പ്പ്; ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് ബിജെപി

Related News

Related News

Leave a Comment