ന്യൂഡൽഹി (Newdelhi) : ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവള (New Delhi Indira Gandhi International Airport) ത്തിൽ അണുബോംബ് ഭീഷണി (Nuclear threat) ഉയർത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്. രാജ്കോട്ട് സ്വദേശികളായ ജിഗ്നേഷ് മലൻ, കശ്യപ് കുമാർ ലാലനി എന്നിവരാണ് അറസ്റ്റിലായത്.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ അതൃപ്തി തോന്നിയ യുവാക്കൾ കയ്യിൽ അണുബോംബുണ്ടെന്ന് വാദിക്കുകയായിരുന്നു. ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. സെക്യൂരിറ്റി സ്ക്രീനിംഗ് നടത്തുന്നതിൽ യുവാക്കൾ അസംതൃപ്തരായിരുന്നു. ബോർഡിംഗിന് മുൻപ് സുരക്ഷാ പരിശോധന ഒരുതവണ നടത്തിയിരുന്നുവെന്നും വീണ്ടും പരിശോധന നടത്തുന്നത് എന്തിനാണെന്നുമായിരുന്നു യുവാക്കളുടെ ചോദ്യം. ഇക്കാര്യത്തിൽ എയർപോർട്ട് ജീവനക്കാർ വിശദീകരണം നൽകുന്നതിന് മുൻപ് തന്നെ, കൈവശം അണുബോംബുണ്ടെന്ന മറുപടിയായിരുന്നു യുവാക്കൾ നൽകിയത്. ഇതോടെ മറ്റ് യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് യുവാക്കളുടെ വിമാനയാത്ര അധികൃതർ റദ്ദാക്കി. യുവാക്കളെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു.
ഇരുവരും രാജ്കോട്ടിലുള്ള നിർമാണ കമ്പനിയിലെ കരാറുകാരാണെന്നാണ് കണ്ടെത്തൽ. എന്നിരുന്നാലും വ്യാജ ഭീഷണി ഉയർത്തിയതിനാൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.