കുഴൽനാടൻ മലക്കം മറിഞ്ഞു, അടിമുടി ദുരൂഹത; വിലപേശലെന്ന് സൂചന

Written by Taniniram Desk

Published on:

ആര്യ ഹരികുമാർ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടു കൂടി കാത്തിരുന്ന മാസപ്പടി വിവാദത്തിൽ വൻ ട്വിസ്റ്റ്. മുഖ്യമന്ത്രി പിണറായിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്കും, കരിമണൽ കർത്തയുടെ സി.എം.ആർ.എൽ കമ്പനിയുമായുള്ള ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ വിജിലൻസ് കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രിക്കും മകൾക്കും എതിരായി കഴിഞ്ഞ ഫെബ്രുവരി 29 നാണ് കുഴൽനാടൻ കോടതിൽ ഹർജി നൽകിയത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ലെന്നും, കോടതി ഇടപെട്ടു കേസ് എടുപ്പിക്കണം എന്നതായിരുന്നു കുഴൽനാടന്റെ ഹർജിയിലെ ആവശ്യം. വീണയും,പിണറായിയും, കർത്തയും ഉൾപ്പെടെ ഏഴ് പേരെ എതിർ കക്ഷികളാക്കിയാണ് പരാതി നൽകിയത്.

ഇന്ന് കുഴൽനാടൻ്റെ പരാതി കോടതി പരിഗണിക്കുമ്പോൾ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഈ കേസ് ഉറ്റുനോക്കാൻ പ്രധാനപെട്ട ചില കാരണങ്ങളുണ്ട്. വിജിലൻസ് വകുപ്പും, ആഭ്യന്തരവും കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ് . അതുകൊണ്ടു തന്നെ വിജിലൻസ് കോടതി കുഴൽനാടൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടാൽ ധാർമികതയുടെ പേരിൽ വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായത് കൊണ്ട് ഒരുപക്ഷെ പിണറായി രാജി വയ്‌ക്കേണ്ടതായി വരും.

മുൻ മുഖ്യ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയ്ക്ക് നേരെ പാമോലിൻ ഇറക്കുമതി കേസിൽ വിജിലൻസ് സ്പെഷ്യൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് വന്നയുടൻ തന്നെ ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പിന്റെ ചുമതല ഒഴിഞ്ഞു. പിന്നീട്, അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂരിന് വിജിലൻസിന്റെ അധിക ചുമതല നല്കുകയായിരുന്നു. ഈ അനുഭവം മുന്നിൽ വച്ചാണ് കേരളം ഇന്നത്തെ കോടതി നടപടികളെ ഉറ്റുനോക്കിയത്. ഒരുപക്ഷേ, കുഴൽനാടൻ തൻ്റെ വാദത്തിൽ ഉറച്ചു നിന്നിരുന്നുവെങ്കിൽ വിജിലൻസ് കോടതിയിൽ നിന്ന് വാക്കാലൊരു പരാമർശം ഉണ്ടായാൽ പോലും അത് പിണറായിയുടെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കനത്ത തിരിച്ചടിയാകുമായിരുന്നു. എന്നാൽ കോൺഗ്രസ്ഡ് പാളയത്തെ പോലും കനത്ത നിരാശയിലാഴ്ത്തിക്കൊണ്ട് പരസ്പര വിരുദ്ധമായ ആവശ്യങ്ങൾ മാത്യു കുഴൽനാടൻ കോടതിയിൽ നിരത്തിയത് കുഴൽനാടൻ ഫാൻസുകാരെ പോലും ആശ്ചര്യപ്പെടുത്തി.

താൻ വിജിലൻസിന് കൊടുത്ത പരാതി പരിഗണിക്കുന്നില്ലായെന്നും അത് കൊണ്ട് വിജിലൻസ് കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടൻ ആദ്യ൦ ആവശ്യപെട്ടത്. എന്നാൽ കോടതിയിൽ കേസ് പരിഗണനയ്ക്ക് വന്നതോടെ കുഴൽനാടൻ മലക്കം മറിഞ്ഞു. പഴയ ആവശ്യത്തിന് പകരം കോടതി നേരിട്ട് തന്നെ കേസെടുത്ത് അന്വേഷിക്കണമെന്ന പുതിയ വാദം ഉന്നയിച്ചു.

അമ്പരപ്പുളവാക്കിയ കുഴൽനാടൻ്റെ ആവശ്യത്തിൽ കോടതി പരാമർശവും നടത്തി. ഏതെങ്കിലും ഒരാവശ്യത്തിൽ ഉറച്ചു നില്ക്കാൻ വിജിലൻസ് കോടതി മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടു. കുഴൽനാടൻ്റെ പുതിയ നിലപാട് വലിയ സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ഹർജിക്കാരന്റെ നിലപാട് മാറ്റം ഹർജി രാഷ്ട്രീയ പ്രേരിതമാണന്നതിൻ്റെ തെളിവാണെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ചൂണ്ടികാട്ടി. തുടർന്ന് കേസിൽ വിധി പറയുന്നത് ഏപ്രിൽ 12 ലേക്ക് മാറ്റി.

See also  കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി

കുഴൽനാടൻ്റെ ഉടമസ്ഥതയിലുള്ള ഹോംസ്റ്റേ അനധികൃതമായി ഭൂമി കൈയേറിട്ടുണ്ടെന്ന് നേരത്തെ വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ ആക്ഷേപം നിലനിൽക്കെ, കുഴൽനാടൻ്റെ കോടതിയിലെ ചുവടു മാറ്റം ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണോയെന്നും പരക്കെ സംസാരമുണ്ട്.

Related News

Related News

Leave a Comment