വേനൽ: ജാഗ്രത പാലിക്കണം

Written by Taniniram1

Published on:

ചൂട് കൂടിയതോടെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകളൾ നേരിടുന്നത്. പ്രധാനമായും തൊലിപ്പുറത്തുള്ള ബുദ്ധിമുട്ടുകളാണ് കൂടുതലും. ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ പലരെയും അലട്ടാറുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം കൂടുതൽ ശ്രദ്ധ ചർമ്മകാര്യത്തിൽ നൽകാൻ ശ്രമിക്കണം.

കടുത്ത ചൂടിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാൻ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. ചൂട് കാലത്ത് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ചൂട് കുരു. കഴുത്തിലും പുറത്തും കൈകളിലുമൊക്കെ ചൂട് കുരുക്കൾ വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ഇത്പോകുമെങ്കിലും അസഹനീയമായ ചൊറിച്ചിലും വേദനയുമൊക്കെ സ്വാഭാവികമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ വിയർപ്പ് ഗ്രന്ഥിക്ക് തടസമുണ്ടാകുമ്പോഴാണ് ഇത്തരം ചൂട് കുരുക്കൾ ഉണ്ടാകുന്നത്.

ചൊറിയരുത്

ചൂട് കുരു ഉണ്ടാകുന്ന ഭാഗങ്ങളിൽ ചൊറിയാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ചൊറിയുന്നത് മൂലം അതിലെ അണുക്കൾ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൺ തുണി ഉപയോഗിച്ച് ആ ഭാഗത്ത് അമർത്തുന്നത് അസ്വസത്ഥത കുറയ്ക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നു. ചൊറിച്ചിൽ ഒഴിവാക്കാനും ഇതൊരു നല്ല മാർഗമാണ്.

വസ്ത്രങ്ങൾ

ചൂട് സമയത്ത് ധരിക്കുന്ന വസ്ത്രങ്ങൾക്കും ഒരുപാട് പ്രാധാന്യമുണ്ട്. നല്ല കോട്ടൺ വസ്ത്രങ്ങൾ ഈ സമയത്ത് ധരിക്കുന്നതാണ് കൂടുതൽ ഉചിതം. സിന്തറ്റിക് വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ശരീരത്തോട് പറ്റി കിടക്കുന്ന വസ്ത്രങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. അയഞ്ഞ വസ്ത്രങ്ങൾ വായു കടക്കാൻ സഹായിക്കും. മാത്രമല്ല വിയർക്കുമ്പോൾ ഒട്ടിപിടിക്കാതിരിക്കാനും ഇതാണ് ഉത്തമം. ഇളം നിറമുള്ള വസ്ത്രങ്ങളായിരിക്കും വേനൽ കാലത്ത് കുറച്ച് കൂടി അനുയോജ്യമാകുന്നത്.

ഭക്ഷണത്തിൽ ശ്രദ്ധിക്കാം

ചൂട് സമയത്ത് കഴിക്കുന്ന ഭക്ഷണങ്ങളിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ജലാംശം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുപ്പിക്കാൻ സഹായിക്കും. ഇലക്കറികൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ധാരാളം വെള്ളം കുടിച്ച്’ നിർജ്ജലീകരണം ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

വെള്ളം ഒപ്പിയെടുക്കുക

കുളി കഴിഞ്ഞ ശേഷം ശരീരത്തിൽ നിന്ന് വെള്ളം ഒപ്പിയെടുക്കാൻ ശ്രമിക്കുക. ഒരു കാരണവശാലും അമിതമായി ശരീരം ഉരസാൻ പാടില്ല. മണമില്ലാത്ത ചൂടുകുരുക്കളിൽ ഇടാൻ സാധിക്കുന്ന പൗഡർ ദേഹത്ത് പുരട്ടുന്നത് അമിതമായ ഈർപ്പം വലിച്ച് എടുക്കാൻ ഏറെ സഹായിക്കും. ആവശ്യമെങ്കിൽ വൈദ്യ സഹായത്തോടെ ഇത്തരം പൗഡറുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന ക്രീമുകൾ പുരട്ടുന്നതും ഗുണം ചെയ്യും.

ചൂട് കുരു മാറ്റാൻ

ചൂട് കുരു മാറ്റാൻ വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. ചൂട് കുരു ഉള്ള ഭാഗത്ത് തേങ്ങാപ്പാൽ തേയ്ക്കുന്നത് കുറച്ച് ആശ്വാസം നൽകും. അതുപോലെ ആര്യവേപ്പിലയിട്ട വെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. വേപ്പില അരച്ച് ചൂട് കുരു ഉള്ള ഭാ ഗത്ത് പുരട്ടുന്നതും നല്ലതാണ്. അതുപോലെ ത്രിഫല പൊടി വെള്ളത്തിൽ കലർത്തി ചൂട് കുരു ഉള്ള ഭാഗത്ത് തേയ്ക്കുന്നതും ഏറെ നല്ലതാണ്.

Leave a Comment