ഡൽഹി (Delhi) : ലോക്സഭ തെരഞ്ഞെടുപ്പില്‍ (Loksabha Election) വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി (UDF candidate Rahul Gandhi) ക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. 55,000 രൂപയാണ് രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഇന്നലെ സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അയോഗ്യത കേസടക്കം രാഹുലിനെതിരെയുള്ളത് 18 ക്രിമിനൽ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു മണിക്കൂറിലേറെ നീണ്ട വൻ ജനപങ്കാളിത്തമുള്ള റോഡ് ഷോയ്ക്ക് ശേഷമാണ് വയനാട്ടിൽ രാഹുൽ ഗാന്ധി ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്. ഇനി പതിനഞ്ചാം തീയതി ആയിരിക്കും രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുക. അതിനുശേഷം ഏഴ് ദിവസം മണ്ഡലത്തിൽ രാഹുൽ ഗാന്ധി സജീവമാകും.