ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിനായി ഗൂഗിളിലെ നമ്പറില്‍ വിളിച്ചു, നഷ്ടം വന്നത് 2.44 ലക്ഷം…

Written by Web Desk1

Published on:

കണ്ണൂര്‍ (Cannoor) : ഗൂഗിളില്‍ (Google) പരതി ലഭിക്കുന്ന ഫോണ്‍ നമ്പറു (Phone Number) കളുടെയും വെബ്‌സൈറ്റു (Website) കളുടെയും ആധികാരികത പരിശോധിക്കാതെ ബാങ്ക് അക്കൗണ്ട്, എ.ടി.എം കാര്‍ഡ് വിവരങ്ങള്‍ (Bank account and ATM card details) കൈമാറി പണം നഷ്ടമാകുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുന്നതിനായി ഗൂഗഌലെ നമ്പറില്‍ വിളിച്ച തോട്ടട സ്വദേശിക്ക് നഷ്ടപ്പെട്ടത് 2.44 ലക്ഷം രൂപയാണ്. ഗൂഗിളില്‍ ലഭിച്ച കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ നല്‍കിയ വാട്‌സ്ആപ് ലിങ്കില്‍ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാര്‍ഡ് നമ്പറും നല്‍കിയതോടെയാണ് പണം നഷ്ടമായത്.

ഓണ്‍ലൈനില്‍ നല്‍കുന്ന വിവരങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു. ഗൂഗ്‌ളില്‍ ആദ്യം വരുന്ന വിവരങ്ങളെ ആശ്രയിക്കരുത്. പകരം ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ക്കായി സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകളോ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് ആവശ്യപ്പെടാറില്ല.

മറ്റൊരു പരാതിയില്‍ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടമായി. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെട്ടത്. പണം നഷ്ടപ്പെട്ടതിന്റെ തലേ ദിവസം എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് റിന്യൂവല്‍ ചെയ്യുന്നതിനായി ഫോണ്‍ വന്നിരുന്നുവെന്നും അവര്‍ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്തിരുന്നെന്നും പരാതിക്കാരന്‍ പറഞ്ഞു.

ഇന്‍സ്റ്റഗ്രാമില്‍ പരസ്യം കണ്ട് ഡ്രസ് ഓര്‍ഡര്‍ ചെയ്ത പാനൂര്‍ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചു കൊടുത്തത്. ഡ്രസ് ഓര്‍ഡര്‍ ചെയ്ത് നാളിതുവരെയായിട്ടും ലഭിക്കാത്തതിനാല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ് അറിയിച്ചു.

കസ്റ്റമര്‍ കെയര്‍ നമ്പര്‍ ഗൂഗ്‌ളില്‍ പരതി വിളിക്കുമ്പോഴും അജ്ഞാത നമ്പറില്‍നിന്ന് ഫോണ്‍വിളി വരുമ്പോഴും അവര്‍ അയച്ചുതരുന്ന ലിങ്കുകളില്‍ കയറുകയോ ബാങ്ക് വിവരങ്ങള്‍ കൈമാറുകയോ ചെയ്യരുത്. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി നല്‍കാം.

Related News

Related News

Leave a Comment